കൊച്ചി: വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) ഒന്‍പതാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 'വാസ്‌കുലര്‍ രോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തില്‍ അമൃത ഹോസ്പിറ്റലില്‍ ശില്പശാല സംഘടിപ്പിച്ചു. രക്തധമനികളിലുണ്ടാകുന്ന വിവിധ രോഗങ്ങള്‍ അവയുടെ നൂതന ചികിത്സ മാര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ശില്പശാലയില്‍ ചര്‍ച്ച ചെയ്തത്. വാസ്‌കുലര്‍ സര്‍ജറി രംഗത്ത് വിദഗ്ധരായ പന്ത്രണ്ടോളം ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകള്‍ നടന്നത്. രക്തധമനികളിലെ വിവിധ ശസ്ത്രക്രിയ രീതികളെക്കുറിച്ച് പരിശീലനം നല്‍കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.

60 വാസ്‌കുലര്‍ സര്‍ജന്മാരാണ് ശില്പശാലയില്‍ പങ്കെടുത്തത്. വാസ്‌കുലര്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍, ഗ്രാഫ്റ്റുകള്‍, കത്തീറ്ററുകള്‍, സ്റ്റെന്റുകള്‍, എന്‍ഡോവാസ്‌കുലര്‍ ഉപകരണങ്ങള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തന രീതിയെക്കുറിച്ച് സെഷനുകള്‍ നടത്തി. അമൃത ഹോസ്പിറ്റലിലെ വാസ്‌കുലര്‍ സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍ ശില്പശാല ഏകോപിപ്പിച്ചു. വരും വര്‍ഷങ്ങളിലും സംസ്ഥാനത്തുടനീളം വിപുലമായ ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് വാസ്‌ക് അധികൃതര്‍ അറിയിച്ചു.