കൊച്ചി : അമൃത ആശുപത്രിയിലെ സൈറ്റോജെനെറ്റിക്‌സ് ലാബിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. ജനിതക പരിശോധനകള്‍ക്കായി അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൈറ്റോജെനെറ്റിക്‌സ് ലാബില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്‍പ്പെടെ ക്രോമസോം തകരാറുകളാല്‍ ഉണ്ടാകുന്ന ജനിതക രോഗങ്ങള്‍ കണ്ടെത്താനുള്ള കാര്യോടൈപ്പിംഗ്, ഫിഷ്, മൈക്രോ അറേ മുതലായ പരിശോധനകള്‍ നടന്നുവരുന്നു.

പാരമ്പര്യ രോഗങ്ങള്‍, ക്യാന്‍സറുകള്‍, മറ്റു ജനിതക രോഗങ്ങള്‍ ഉള്‍പ്പെടെ വിവിധതരം സാമ്പിളുകളുടെ പരിശോധന ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന കേരളത്തിലെ ഒരേയൊരു സൈറ്റോജെനെറ്റിക്‌സ് പരിശോധനാ കേന്ദ്രമാണ് അമൃതയിലേതെന്ന് സൈറ്റോജെനെറ്റിക്‌സ് വിഭാഗം മേധാവിയും അമൃത ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. വിദ്യാ ഝാ പറഞ്ഞു.

ക്രോമസോം വിശകലനത്തില്‍ 'ജീനോമിക് മൈക്രോ അറേ' മുതലായ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ തന്നെ അപൂര്‍വം കേന്ദ്രങ്ങളില്‍ ഒന്നാണിത്. സമ്പൂര്‍ണ്ണമായ ജീനോം പരിശോധനക്കായി അത്യാധുനിക നെക്സ്റ്റ് ജെനറേഷന്‍ സീക്വന്‍സിംഗ് (NGS) സംവിധാനവും ഇവിടെയുണ്ട്.

വാര്‍ഷികാഘോഷ ചടങ്ങില്‍ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലാബിലെയും അനുബന്ധ വിഭാഗങ്ങളിലെയും ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി. പ്രൊഫ. എം. വി. തമ്പി, ഡോ. ഷീലാ നമ്പൂതിരി, ഡോ. വിവേക് കൃഷ്ണന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ. ധന്യ യശോധരന്‍, ഡോ. നീരജ് സിദ്ധാര്‍ഥന്‍, ഡോ. സജിത കൃഷ്ണന്‍, ഡോ. സീതാലക്ഷ്മി, ഡോ. വിദ്യാ ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജന്മനാലും , വളര്‍ച്ചാപരമായും, പാരമ്പര്യമായും ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സാ പദ്ധതികളുടെ രൂപീകരണത്തിനും പുറമെ ധാരാളം ജനിതക ഗവേഷണങ്ങളും പഠനങ്ങളും സൈറ്റോജെനെറ്റിക്‌സ് ലാബില്‍ നടന്നു വരുന്നു .