കൊച്ചി : അമൃത ആശുപത്രിയില്‍ മൂന്നു ദിവസത്തെ അന്താരാഷ്ട്ര ക്ലിനിക്കല്‍ സൈക്കോളജി സമ്മേളനത്തിന് തുടക്കമായി. ലൈംഗികതയും പ്രത്യുത്പാദന ആരോഗ്യവും (സെക്ഷ്വല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ഹെല്‍ത്ത്) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ദുബായ് സിവാനാ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ആര്‍.ശ്രീഹരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബംഗളൂരു നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ എം മഞ്ജുള, ശംഭു അനില്‍, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ സന്ദീപ് വിജയരാഘവന്‍, യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ കെ വി സഞ്ജീവന്‍, റീപ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജയശ്രീ നായര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സെക്ഷ്വല്‍ ഡൈവേഴ്സിറ്റി, സെക്ഷ്വല്‍- റീ പ്രൊഡക്ടീവ് തകരാറുകളും ചികിത്സകളും തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകളും ക്ലാസുകളുമാണ് 3 ദിവസത്തെ സമ്മേളനത്തില്‍ നടക്കുക. സമ്മേളനം ശനിയാഴ്ച സമാപിക്കും