കൊച്ചി: നേത്രരോഗ ഗവേഷണ രംഗത്ത് നിര്‍ണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ 'റെറ്റിന ബയോ ബാങ്ക്' അമൃത ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന ഊഷ്മാവില്‍ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകള്‍ കണ്ണുകളെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങള്‍ക്കും പ്രയോജനപ്പെടും.

അമൃത ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗത്തിന്റെയും ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്കിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനമായ മെറ്റാറസ് 2025 ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ അമൃത സ്‌കൂള്‍ ഓഫ് നാനോമെഡിസിന്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍ മേധാവി പ്രൊഫ. ശാന്തികുമാര്‍ നായര്‍ റെറ്റിന ബയോ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നേത്രരോഗ സംബന്ധമായ മെഡിക്കല്‍ ചിത്രീകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വിപുലമായ ശേഖരമായ ഇന്ത്യന്‍ റെറ്റിനല്‍ ഇമേജ് ബാങ്കിന്റെ ഉല്‍ഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ഗവേഷണ പരിശീലന പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി മെറ്റാറസ് ഓണ്‍ലൈന്‍ ട്രെയിനിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. വൈദ്യശാസ്ത്ര ഗവേഷണ പരിശീലനത്തിനായി ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് ഗവേഷകര്‍ക്കായുള്ള ആദ്യത്തെ ഓണ്‍ലൈന്‍ ജി.സി.പി അക്രഡിറ്റേഷന്‍ പദ്ധതിക്കും സമ്മേളനത്തില്‍ തുടക്കമായി.

നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള, അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി, ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ. മെറിന്‍ ഡിക്‌സണ്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍, പ്രബന്ധ അവതരണവും ക്വിസ് മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഫാര്‍മകോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഡേറ്റ മാനേജ്‌മെന്റ്, മൃഗ ഗവേഷണം, നിര്‍മ്മിത ബുദ്ധി, ടെലിമെഡിസിന്‍, ബയോടെക്‌നോളജി, ഹെമറ്റോളജി തുടങ്ങി വിവിധ മേഖലകളിലെ അന്‍പതോളം ഗവേഷണ വിദഗ്ധരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിത്.