- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂര്‍വ ജനിതക രോഗം: അമൃതയില്‍ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

കൊച്ചി: അപൂര്‍വമായ ജനിതക രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരന്‍ അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. അക്യൂട്ട് ഇന്റര്‍മിറ്റന്റ് പോര്‍ഫിറിയ (Acute Intermittent Porphyria) എന്ന അപൂര്‍വ മെറ്റബോളിക് രോഗത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് കുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയത്. മൂന്ന് മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.
മാലിദ്വീപില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 13-നാണ് കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തെ ബാധിക്കുന്ന എന്‍സെഫലോപ്പതി, ശരീരതളര്‍ച്ച, ശരീരത്തിലെ മാംസപേശികളുടെ ദൗര്‍ബല്യം (ഫ്‌ലാസിഡ് പാരാലിസിസ്) തുടങ്ങിയ സങ്കീര്‍ണതകളാണ് ഉണ്ടായിരുന്നത്. ശ്വാസോച്ഛ്വാസത്തിന് സഹായമായി ട്രാക്കിയോസ്റ്റമി നടത്തേണ്ടിവന്നു. അടിയന്തരമായി ഇറക്കുമതി ചെയ്ത ഹീമിന്‍ (Inj. Hemin) എന്ന മരുന്നും ചികിത്സയുടെ ഭാഗമായി നല്‍കി.
പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. വിനയന്‍ കെ.പി., ഡോ. വൈശാഖ് ആനന്ദ്, ഡോ. അസ്മി ഹബീബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ വിഭാഗത്തിലെ ഡോ. സജിത് കേസവന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരും ചേര്‍ന്നാണ് ചികിത്സ നടത്തിയത്. വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവര്‍ത്തനഫലമായി കുട്ടിയുടെ ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. തുടര്‍ന്ന് ട്രാക്കിയോസ്റ്റമി നീക്കം ചെയ്യാനും സാധിച്ചു. നിലവില്‍ കുട്ടി സ്വതന്ത്രമായി ശ്വസിക്കുകയും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നിലയിലാണ്.
ആരോഗ്യനില സ്ഥിരതയുള്ളതിനാല്‍ കുട്ടിക്ക് മാലിദ്വീപിലേക്ക് സാധാരണ വിമാനയാത്രയ്ക്ക് യാത്ര ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവിടെ എത്തിയ ശേഷം പ്രാദേശിക ആശുപത്രിയില്‍ തുടര്‍പരിശോധനയും ഫിസിയോതെറാപ്പിയും തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 11-നാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ജീവന് ഭീഷണിയായ അവസ്ഥയെ അതിജീവിച്ച് സ്വദേശത്തേക്ക് മടങ്ങിയ ബാലന്റെ ആരോഗ്യപുനരുജ്ജീവനം പ്രത്യാശ നല്‍കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


