തിരുവനന്തപുരം: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍- എസ്.എ.പി.സിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കമായി.

കനകക്കുന്ന് കൊട്ടാരത്തിനു മുന്നില്‍ നൂറുകണക്കിന് വിദാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ മുന്‍ മന്ത്രി ആന്റണി രാജു വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യുകയും വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിക്കുകയും പാലിയേറ്റീവ് കെയര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കമ്യൂണിറ്റി ഡയറക്ടര്‍ ആമുഖപ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആശംസകളും നേര്‍ന്നു. ആല്‍ഫ കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ അഞ്ജിമ അനില്‍ സ്വാഗതം പറഞ്ഞു.

വാക്കത്തോണ്‍ വി.ജെ.ടി. ഹാളില്‍ സമാപിച്ചതിനുശേഷം നടന്ന സെമിനാര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. നാടിനോട് മനസ്സടുപ്പമുള്ള ഒരു തലമുറയ്ക്കു മാത്രമേ നാടിന്റെ പ്രശ്‌നങ്ങളോട് അനുതാപപൂര്‍വം ഇടപെടാന്‍ കഴിയുകയുള്ളൂ. എത്രതന്നെ ഉന്നതമായ ബിരുദങ്ങള്‍ ഉണ്ടെങ്കിലും ഉന്നതങ്ങളില്‍ എത്തിയാലും സ്വന്തം കുടുംബത്തോടും നാടിനോടും സ്‌നേഹവും പ്രതിപത്തിയും ഉള്ളവരായിരിക്കണമെന്നും പാലിയേറ്റീവ് പരിചരണമടക്കമുള്ള വെല്ലുവിളികള്‍ അത്തരമൊരു തലമുറയ്ക്കു മാത്രമേ കഴിയൂവെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഓര്‍മിപ്പിച്ചു.

മാറാരോഗങ്ങളാല്‍ വേദനയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടാനും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കാനും പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും അനാവശ്യമായി വേദനിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനുമാണ് ദിനാചരണം ഉദ്ദശിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു. വേദനിക്കുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ക്കുള്ള സഹായങ്ങള്‍ ചാരിറ്റി എന്ന പേരില്‍ ആഘോഷിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് അത് ഓരോരുത്തരുടെയും കടമയാണെന്നുമുള്ള ചിന്ത വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ നെയ്യാറ്റിന്‍കര സെന്റര്‍ പ്രസിഡന്റ് ബാലഗംഗാധരന്‍ നായര്‍ സെമിനാറില്‍് സ്വാഗതം പറഞ്ഞു. സെക്രട്ടറി അഡ്വ. സൗമ്യ അലി, നെടുമങ്ങാട് സെന്റര്‍ പ്രസിഡന്റ് ബൈജു ബി, സെക്രട്ടറി സന്ധ്യ സുമേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിഷന്‍ 2030 ജില്ലാ ഡയറക്ടര്‍ പുളിമൂട്ടില്‍ ഉണ്ണി നന്ദി പറഞ്ഞു.

പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട്ടിലാണ് വിവിധ ജില്ലകളിലെ പരിപാടികള്‍ക്ക് ശേഷം കൂട്ടനടത്തം ഒക്ടോബര്‍ 10ന് അവസാനിക്കുക. ഒപ്പം കല്‍പ്പറ്റയില്‍ ആല്‍ഫയുടെ മാതൃകാ പാലിയേറ്റീവ് കെയര്‍ സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും തുടക്കമാകും.

2030ന് മുമ്പ് കേരളം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ, വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ടുപോകുന്ന ആല്‍ഫ തെക്കന്‍ ജില്ലകളാണ് ആദ്യ പ്രവര്‍ത്തനകേന്ദ്രമായി തെരഞ്ഞെടുത്തതെങ്കിലും വയനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പദ്ധതി വയനാട്ടിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഓരോ ജില്ലയിലും തുടക്കത്തില്‍ മൂന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ജില്ല മുഴുവന്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ നിലവില്‍ വരും. കാരുണ്യകേരളം എന്ന പദ്ധതിക്കുകീഴില്‍ നിലവില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളിലായി അതതു സ്ഥലങ്ങളിലെ ജനങ്ങളുടെ നേതൃത്വത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഈ ഘട്ടത്തിലാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൂട്ടനടത്തം - വാക്കത്തോണ്‍ 2024 എന്ന പേരില്‍ നടത്തുന്നത്.