കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്‌സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം റിസര്‍ച്ച് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍ നിര്‍വഹിച്ചു.

അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എമിറിറ്റസ് പ്രൊഫസര്‍ ഡോ. കെ.എന്‍. പണിക്കര്‍ പദ്ധതി പരിചയപ്പെടുത്തി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അശ്വതി. എസ്., തൃക്കാക്കര പുലരി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്യാമ്പെയിന്റെ ഭാഗമായി ഡെങ്കിപ്പനി വൈറസ് വ്യാപനത്തില്‍ ഈഡിസ് കൊതുകുകളുടെ പങ്ക്, രോഗലക്ഷണങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ ഡോ. കെ.എന്‍. പണിക്കര്‍, ഡോ. നവമി എസ്, ഡോ. വിഷ്ണു ബി മേനോന്‍ തുടങ്ങിയവര്‍ നയിച്ചു.