തിരുവനന്തപുരം: കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ വേതനം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാവും പകലുമായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാ വര്‍ക്കര്‍മാരോട് ജനാധിപത്യപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിമം വേതനം പോലും ഉറപ്പാക്കാന്‍ പിണറായി ഭരണകൂടത്തിന് കഴിയുന്നില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മാസ വേതനമായി 21000 നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ദിവസേന 700 രൂപ എന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം. നിലവിലെ സ്‌കീം അടിസ്ഥാനത്തില്‍ തൊഴിലെടുത്ത് വരുന്ന ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കണം. സമരക്കാരെ ശത്രുക്കളായി പ്രചരണം നടത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും സമരത്തെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സാമൂഹ്യനീതിക്ക് വേണ്ടി സമരം ചെയ്യുന്നവരോടുള്ള പിണറായി സര്‍ക്കാറിന്റെ വെല്ലുവിളിയാണ്.

സിപിഎം മുന്‍കൈയെടുക്കാത്ത സമരങ്ങളൊന്നും കേരളത്തില്‍ നടത്തേണ്ടതില്ല എന്ന ധാര്‍ഷ്ട്യത്തിന്റെ ഭാഷ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സമൂഹത്തിലെ സുപ്രധാനമായ തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനവിഭാഗത്തെ വ്യാജമായ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം ഉയര്‍ന്നു വരണം. ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തോട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ സമ്പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുകയാണെന്ന് റസാഖ് പാലേരി പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മെഹ്ബൂബ് ഖാന്‍ പൂവാര്‍, ആദില്‍ അബ്ദുല്‍ റഹിം, ജില്ലാ ട്രഷറര്‍ എന്‍.എം അന്‍സാരി, വൈസ് പ്രസിഡന്റ് ഷാഹിദ ഹാറൂണ്‍, സെക്രട്ടറിമാരായ സൈഫുദ്ദീന്‍, മനാഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത ജയരാജ്, ആരിഫ ബീവി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തു.