കൊച്ചി : മലയാളിയായ മഹ്മൂദ് കൂരിയ ഉള്‍പ്പെടെയുള്ള വിജയികള്‍ക്ക് 2024ലെ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിച്ചു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രഫ. പീറ്റര്‍ സര്‍നാക്ക്, പ്രൊഫസര്‍ ഗോപാല്‍ പ്രസാദ്, പ്രൊഫസര്‍ യൂജിന്‍ ഹിഗ്ഗിന്‍സ് എന്നിവര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും 100,000 ഡോളര്‍ സമ്മാനവും നല്‍കി. സാമ്പത്തിക ശാസ്ത്രം , എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ ആറ് വിഭാഗങ്ങളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്്.

കേരളത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആധുനിക പൂര്‍വ കാലഘട്ടത്തിലെയും ആധുനിക പ്രാരംഭ കാലഘട്ടത്തിലെയും മാരിടൈം ഇസ്ലാമിനെകുറിച്ചുള്ള പഠനത്തിന് നല്‍കിയ സമഗ്രവും സുപ്രധാനവുമായ സംഭാവനകള്‍ പരിഗണിച്ചാണ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് പുരസ്‌ക്കാരം മലയാളിയായ മഹ്മൂദ് കൂരിയയ്ക്കു ലഭിച്ചത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഹിസ്റ്ററി, ക്ലാസിക്, ആര്‍ക്കിയോളജി സ്‌കൂള്‍ ലക്ചറാണ് മഹ്മൂദ് കൂരിയ.

സാമ്പത്തികശാസ്ത്ര പുരസ്‌കാരം-പ്രൊഫസര്‍ അരുണ്‍ ചന്ദ്രശേഖര്‍,എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് പുരസ്‌കാരം-പ്രൊഫസര്‍ ശ്യാം ഗൊല്ലകോട്ട,ലൈഫ് സയന്‍സസ് പുരസ്‌കാരം-പ്രൊഫസര്‍ സിദ്ധേഷ് കാമത്ത്, മാത്തമറ്റിക്കല്‍ സയന്‍സസ് പുരസ്‌കാരം-പ്രൊഫസര്‍ നീന ഗുപ്ത, ഫിസിക്കല്‍ സയന്‍സസ് പുരസ്‌കാരം-വേദിക ഖേമാനി എന്നിവരാണ് മറ്റ് വിജയികള്‍.