- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ഇടം' പ്രദര്‍ശനത്തില്‍ പ്രശസ്ത കലാകാരന്‍ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ഇടം' പ്രദര്‍ശനത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന പ്രശസ്ത കലാകാരന്‍ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും. പ്രകാശദീപ്തവും അന്തര്‍ദര്‍ശനപരവുമായ ചിത്രകലാ ശൈലിക്ക് പേരുകേട്ട ടോം വട്ടക്കുഴി, സൂക്ഷ്മ യാഥാര്‍ത്ഥ്യത്തെ, പ്രകാശവും സ്മരണയും സംബന്ധിച്ച നിശബ്ദവും ധ്യാനാത്മകവുമായ ബോധതലവുമായി ലയിപ്പിക്കുന്ന സൃഷ്ടികളാണ് അവതരിപ്പിക്കുന്നത്.
ഗാന്ധിയുടെ മരണം, ലെനിനും കര്‍ഷകനും, മൃദുവാംഗിയുടെ ദുര്‍മൃത്യു (നാടകം), കാത്ത് കിടക്കുന്നു, സകലതിനും പൊരുള്‍ തുടങ്ങി നിരവധി കഥാ-ചിത്രങ്ങള്‍ ഈ പ്രദര്‍ശനത്തിലുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ടോം വട്ടക്കുഴിയുടെ ഏകാംഗ പ്രദര്‍ശനം, 'ദി ഷാഡോസ് ഓഫ് അബ്‌സെന്‍സ്' (അസാന്നിധ്യത്തിന്റെ നിഴലുകള്‍), കൊല്‍ക്കത്തയിലെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഇന്ത്യന്‍ ആര്‍ട്ടില്‍ അസ്താഗുരുവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ ദൈനംദിന ലോകങ്ങളുടെ ഉള്ളുതൊടുന്ന തരത്തില്‍ ആര്‍ദ്രതയോടും ആഴത്തോടും കൂടി ഗാര്‍ഹികത, ഓര്‍മ്മ, മനുഷ്യ വികാരം എന്നിവയെക്കുറിച്ചുള്ള സ്മരണകളുണര്‍ത്തുന്ന അന്വേഷണം കൊണ്ടുതന്നെ ഈ പ്രദര്‍ശനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
കഥാചിത്രങ്ങള്‍ എന്ന് താന്‍ പരാമര്‍ശിക്കുന്ന നിരവധി സൃഷ്ടികള്‍, വാസ്തവത്തില്‍ മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ചെയ്ത ചിത്രീകരണങ്ങളാണ് എന്ന് ടോം വട്ടക്കുഴി പറഞ്ഞു. ' ഈ സൃഷ്ടികള്‍ ഓരോന്നും ഓരോ സ്വതന്ത്ര ചിത്രമായി നിലകൊള്ളുമ്പോള്‍ത്തന്നെ, ആ ചിത്രങ്ങള്‍ക്ക് പ്രചോദനമായ സാഹിത്യസൃഷ്ടിയോടൊപ്പം നോക്കുമ്പോള്‍ അവ പരസ്പരം സമ്പുഷ്ടമാക്കുന്ന ഒരു സംഭാഷണത്തിലേര്‍പ്പെടുന്നത് നമുക്ക് കാണാനാവും. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ എന്റെ ദൃശ്യ പദാവലി വികസിപ്പിക്കാനും പരിഷ്‌കരിക്കാനും ഇതെന്നെ ഏറെ സഹായിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
ക്യൂബ് ആര്‍ട്ട് സ്പെയ്സസ്, അര്‍മാന്‍ കളക്ടീവ് & കഫേ, മട്ടാഞ്ചേരിയിലെ ബസാര്‍ റോഡിലുള്ള ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് 'ഇടം' പ്രദര്‍ശിപ്പിക്കുന്നത്.




