ദോഹ: എഴുത്തുകാരനും ഖത്തര്‍ പ്രവാസിയുമായ റഷീദ് കെ മുഹമ്മദിന്റെ 'കാറ്റുണരാതെ' പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ച 'ആര്‍ട്ട്‌മൊസ്ഫിയര്‍' കലാമേളയുടെ സമാപന ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്മാന്‍ കിഴിശ്ശേരി പ്രകാശനം നിര്‍വഹിച്ചു.

പ്രശസ്ത ആക്ടിവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, തനിമ ഖത്തര്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ പി.വി തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാള സാഹിത്യ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ദേശീയ തലത്തില്‍ നടത്തിയ നാടക രചനാ മത്സരത്തില്‍ 'സ്വര്‍ണ്ണ മയൂരം' അവാര്‍ഡ് നേടിയ പുസ്തകമാണ് 'എന്റെ റേഡിയോ നാടകങ്ങള്‍'. അതില്‍നിന്നും തെരെഞ്ഞെടുത്ത 'അതിഥി വരാതിരിക്കില്ല', 'ധര്‍മ്മായനം', 'കാറ്റുണരാതെ' എന്നീ നാടകങ്ങള്‍ ചേര്‍ന്നതാണ് 'കാറ്റുണരാതെ' എന്ന പുസ്തകം. അക്കാദമി തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'ഒറ്റയ്‌ക്കൊരാള്‍',

'നോക്കിയാല്‍ കാണാത്ത ആകാശം', 'അയനാന്തരങ്ങള്‍', 'മീനമാസത്തിലെ നട്ടുച്ച സൂര്യന്‍', 'ഒരാള്‍ പോകുംവഴി' എന്നിവയാണ് റഷീദിന്റെ ശ്രദ്ധേയമായ മറ്റു രചനകള്‍.