- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. രാധിക സൗരഭിന്റെ 'പ്രാണരഹസ്യം' പുസ്തകത്തിന്റെ കവര്‍ പ്രകാശനം മലയാള ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി നിര്‍വ്വഹിച്ചു
കൊച്ചി : അമൃത ആശുപത്രിയിലെ ഇന്റഗ്‌റേറ്റീവ് മെഡിസിന്‍ വിഭാഗം സീനിയര്‍ ലക്ചററും ക്ലിനിക്കല്‍ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്‌കൃത കൃതിയായ 'പ്രാണരഹസ്യ'ത്തിന്റെ കവര്‍ മലയാള ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പ്രകാശനം ചെയ്തു. സദ്ഗരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹത്തോടെയാണ് ഈ പുസ്തകം വേദ ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്നത്.
സമകാലീന യോഗ തത്വശാസ്ത്രത്തെക്കുറിച്ച് 21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ രചിക്കപ്പെട്ട ആദ്യ മൗലിക സംസ്‌കൃത കൃതികളിലൊന്നാകാന്‍ സാധ്യതയുള്ള ഈ പുസ്തകം, പുരാതന യോഗജ്ഞാനത്തിലുള്ള ആദ്ധ്യാത്മിക രഹസ്യങ്ങളെ തുടക്കകാര്‍ക്ക് മനസിലാകുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു.
ഈ പുസ്തകത്തില്‍ സൂത്ര ശൈലിയിലുള്ള 20 സംസ്‌കൃത ശ്ലോകങ്ങള്‍ അഞ്ച് അദ്ധ്യായങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ ശ്ലോകത്തിനും ലളിതവും സംഭാഷണ രൂപത്തിലുള്ളതുമായ മലയാള വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. യോഗാഭ്യാസം, ധ്യാനം എന്നിവയിലൂടെ പ്രാണന്റെ (ജീവശക്തി) രഹസ്യം എല്ലാവര്‍ക്കും പ്രാപ്തമാക്കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. യോഗയുടെ തത്വ ചിന്തകളിലൂടെ വായനക്കാരനെ ആത്മ ബോധത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഒരു യാത്രയിലേക്ക് ഈ കൃതി നയിക്കുമെന്ന് ഉറപ്പാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു.ഡോ. രാധിക സൗരഭ് ന്യൂറോസൈക്കോളജിയിലും യോഗയിലും പിഎച്ച്ഡി ഗവേഷണം ചെയ്തു വരുന്നു.