- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള 'ആര്‍ട്ട് റിവ്യൂ' പട്ടികയില്‍ ബോസ് കൃഷ്ണമാചാരി
കൊച്ചി: അന്താരാഷ്ട്ര പ്രശസ്തവും ആധികാരികവുമായ ആര്‍ട്ട് റിവ്യൂ മാഗസിന്‍ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ 2024ലെ പവര്‍ 100 - പട്ടികയില്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു.
കലാകാരന്‍മാരും ചിന്തകരും കുറേറ്റര്‍മാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്ടര്‍മാരും ആര്‍ട്ട് കലക്ടര്‍മാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ അന്‍പത്തിരണ്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്. കഴിഞ്ഞ വര്‍ഷവും ബോസ് കൃഷ്ണമാചാരി പവര്‍ 100 പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.
ഇന്ത്യന്‍ സമകാലീന കലാരംഗത്ത് ആര്‍ട്ടിസ്റ്റ്, ക്യൂറേറ്റര്‍,സീനോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ബോസ് കൃഷ്ണമാചാരി മുംബൈയും കൊച്ചിയും ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വൈവിധ്യമായ തലങ്ങളില്‍ പ്രസക്തമായ ഒട്ടേറെ കലാ പ്രദര്‍ശനങ്ങള്‍ രാജ്യത്തിനകത്തും വിദേശത്തുമായി ഒരുക്കി. 2010ല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകനായി. 2012ല്‍ ആദ്യ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ആശയത്തികവു നല്‍കിയ അദ്ദേഹം സഹ ക്യൂറേറ്ററുമായി. 2016ല്‍ ചൈനയിലെ യിന്‍ചുവാന്‍ ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്ററായി. പുതുതലമുറ കലാകാരന്മാരെയും ക്യൂറേറ്റര്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസാര്‍ഹമായി.
ബോസ് കൃഷ്ണമാചാരി നിലവില്‍ 'ഗാലറിസ്റ്റ്' എന്നും അറിയപ്പെടുന്നു. ഒക്ടോബറില്‍ അദ്ദേഹം ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റുഡിയോ 'ഡിറ്റെയിലില്‍ സമകാലിക കലാസൃഷ്ടികള്‍ക്കായി ഒരു ഇടം തുറന്നു. അസ്ത ബുട്ടെയ്ല്‍, ഹരീഷ് ചേന്നങ്ങോട്, പൂജ ഈരണ്ണ, പ്രജക്ത എന്നിവരുടെ സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി, ബ്രിട്ടീഷ് കൗണ്‍സില്‍,ബോംബെ ആര്‍ട്ട് സൊസൈറ്റി, ചാള്‍സ് വാലസ് ട്രസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍ഫോര്‍മേഷന്‍ സൊസൈറ്റി, ഫോബ്‌സ്, ഇന്ത്യ ടുഡേ, ട്രെന്‍ഡ്‌സ്, എഫ്എച്ച്എം, ജിക്യൂ മെന്‍ ഓഫ് ദി ഇയര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് ബോസ് കൃഷ്ണമാചാരി അര്‍ഹനായിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായ ആര്‍ട്ട് റിവ്യൂ മാഗസിന്‍ ഹോങ്കോങ്ങില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. 1949ല്‍ സ്ഥാപിതമായ ഇത് സമകാലീന കലാരംഗത്തെ ഏറ്റവും പ്രമുഖ ശബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. 2002 മുതല്‍ പവര്‍ 100 പട്ടിക പ്രസിദ്ധീകരണം തുടങ്ങി. ആഗോള കലാ പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര സമിതിയാണ് പ്രതിവര്‍ഷവും പവര്‍ പട്ടിക തയ്യാറാക്കുന്നത്.