- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് നിരോധനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം; ഹരിതകുപ്പിവെള്ളത്തിന്റെ വിപണനത്തിന് സംസ്ഥാനം സജ്ജം
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി- കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന'ഹില്ലി അക്വാ' ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019ല്‍ മുംബൈയില്‍ നടന്ന എക്സിബിഷനില്‍ ഗ്രീന്‍ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിള്‍ ബോട്ടിലിനെക്കുറിച്ചുള്ള വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും നിര്‍മാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളില്‍ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.
നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഇത്തരം കുപ്പികള്‍ കാഴ്ചയില്‍ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും. ഹരിതകുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്റ്റ് സ്പെഷ്യലിസ്റ്റ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉപവിഭാഗമായ ഗ്രീന്‍ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ നിര്‍മിക്കുന്നതിന് ആവിശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നത്. ഇതിനായി കിഡ്ക്കും എയ്റ്റ് സ്പെഷ്യലിസ്റ്റ് സര്‍വീസസും തമ്മില്‍ ധാരണയിലെത്തി. കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാള്‍ നിര്‍മാണ ചെലവ് അധികമായിരിക്കും. പൊതു ഇടങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിനോദസഞ്ചാര മേഖലകള്‍ എന്നിവ ഉള്‍പ്പടെ സമൂഹത്തിലെ സമസ്ത മേഖലയിലേക്കും ഹരിതകുപ്പിവെള്ളം വിതരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.