തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈമാസം 27നു തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇരുനൂറോളം ഭിന്നശേഷി കലാകാരന്മാര്‍ മാറ്റുരയ്ക്കും. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാമേള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ

വിഭാഗങ്ങളിലാണ് പ്രധാനമായും കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുക. ഭിന്നശേഷി ആളുകളുടെ കഴിവുകള്‍ ലോകം ആഘോഷിക്കുന്ന തരത്തില്‍ ഒരു വേദി ഒരുക്കി നല്‍കുകയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, അത്ഭുതാവഹമായ കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയാകെ കടമയാണെന്നും സമ്മോഹന്‍ കലാമേള രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്‍ക്കട്ടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസബിലിറ്റീസ്, നാഗ്പൂരിലെ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് (സിആര്‍സി-നാഗ്പൂര്‍), ഡല്‍ഹിയില്‍ നിന്നുള്ള ന്യൂറോ ഡൈവേര്‍ജന്റ് സംഗീത സംഘം 'ചയനിത് - ദ ചോസണ്‍ വണ്‍സ്', ഒഡീഷയിലെ ജജാപുരില്‍ നിന്നുള്ള സത്യ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഡാന്‍സ് സ്റ്റുഡിയോ എന്നിവിടങ്ങളിലെ പ്രതിനിധികളും കലാമേളയില്‍ പങ്കെടുക്കും. ഡല്‍ഹി സ്വദേശിയായ ചയന്‍ തനേജയും അസം സ്വദേശിയായ ദേവാംഗ ബിദ്റും കലിതയും തുടക്കമിട്ട ചയനിത് - ദ ചോസണ്‍ വണ്‍സ്, ദേശീയ ശ്രദ്ധ നേടിയ ബാന്‍ഡാണ്. രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ കലാപ്രകടനം നടത്തിയിട്ടുള്ള ബാന്‍ഡിന്റെ പങ്കാളിത്തമാണ് ഇത്തവണത്തെ ദേശീയ ഭിന്നശേഷി കലാമേളയുടെ പ്രധാന ആകര്‍ഷണം.

''സമ്മോഹന്‍ എന്നത് കലോത്സവത്തനുപരി ഭിന്നശേഷി വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ദേശീയ വേദിയാണെന്ന് കല്‍ക്കട്ട എന്‍ഐഎല്‍ഡിയിലെ സാമൂഹിക-സാമ്പത്തിക പുനരധിവാസത്തിന്റെ ചുമതലയുള്ള അലേന്ദ്ര ത്രിപാഠി പറഞ്ഞു. ഇതുപോലുള്ള പരിപാടികള്‍ ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, കഴിവുകള്‍ വളര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക, സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍, സമ്മോഹനിലൂടെ ചെയ്യുന്നത്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ചികിത്സ, കലാ- കായിക പരിശീലനം, തൊഴില്‍ പരിശീലനം എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെ (ഐഐപിഡി) പ്രവര്‍ത്തനങ്ങള്‍ക്കും സമ്മോഹന്‍ 2025 ഊര്‍ജമേകും.