മണ്ണുത്തി: ഗാന്ധിജയന്തി ദിനത്തില്‍ ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റും മണ്ണുത്തി സൗഹൃദ കൂട്ടായ്മയും ചേര്‍ന്ന് മാലിന്യ മുക്ത മണ്ണുത്തി ക്യാംപെയിന്‍ സംഘടിപ്പിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തു.

നഗരവീഥികള്‍ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്കുള്ള ആദരവും നല്‍കി. മാലിന്യങ്ങള്‍ വലിച്ചെറിയാതെ, കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ നിര്‍മാര്‍ജനം ചെയ്യുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്നനിലയില്‍, കേരളത്തിന്റെ പൂന്തോട്ട നഗരമായ മണ്ണുത്തിയുടെ ശുചിത്വ പരിപാലനത്തിന് ഇസാഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇസാഫ് ഗ്രൂപ്പിലേയും തൃശൂര്‍ കോര്‍പറേഷനിലെയും ജീവനക്കാര്‍, മണ്ണുത്തി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവരാണ് ശുചീകരണം നടത്തിയത്. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍, ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ്, തൃശ്ശൂര്‍ കോര്‍പറേഷന്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ചന്ദ്രന്‍, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഭാസ്‌കരന്‍ കെ മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.