തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയും മാള്‍ ഓഫ് ട്രാവന്‍കൂറും ചേര്‍ന്ന് 'സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍' ബോധവല്‍ക്കരണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് ഡോ. രോഹിണി ഉദ്ഘാടനം ചെയ്തു. നേരത്തെയുള്ള രോഗനിര്‍ണയമാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതെന്നും എന്നാല്‍ നിരവധി സ്ത്രീകള്‍ ആവശ്യമായ പരിശോധന നടത്താറില്ലെന്നും ഡോ. രോഹിണി പറഞ്ഞു.

'സ്തന, സെര്‍വിക്കല്‍, അണ്ഡാശയ, ഗര്‍ഭാശയ അര്‍ബുദങ്ങളാണ് സ്ത്രീകളില്‍ സാധാരണമായി കാണപ്പെടുന്നത്. ആദ്യഘട്ടത്തില്‍ കണ്ടെത്തുന്ന കാന്‍സര്‍ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും ഭേദമാക്കാവുന്നതാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ നേരത്തെയുള്ള രോഗനിര്‍ണയത്തിനായി വാര്‍ഷിക മാമോഗ്രാമുകളോ അള്‍ട്രാസൗണ്ടുകളോ നടത്തണം.' ഡോ രോഹിണി പറഞ്ഞു.

ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. എസ്പി മെഡിഫോര്‍ട്ടിന്റെ ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ തഞ്ജയ് കപൂര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്ത്രീകളില്‍ പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും കാന്‍സര്‍ പ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.