- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കങ്ങള്‍ അപകടകരം: ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജണ്ടകള്‍ അണിയറയിലൊരുങ്ങുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഇസ്രായേലിന്റെയും ഹമാസ് ഭീകരരുടെയും അക്രമങ്ങള്‍ക്ക് വിധേയരാകുന്ന പാലസ്തീന്‍ ജനതയ്ക്കു മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം ഭീകരാക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തിനൊന്നാകെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാനും ഭീകരപ്രസ്ഥാനങ്ങളെ എതിര്‍ക്കാനും പരസ്യമായി തള്ളിപ്പറയാനും ഇന്ത്യയിലെയും കേരളത്തിലെയും സാക്ഷരസമൂഹത്തിനാകണം. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിലേയ്ക്ക് കടന്നുകയറി ഒരു സമൂഹത്തെ ഒന്നടങ്കം ആക്രമിച്ച് 1200ല്‍ പരം പേരെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയും 250ല്‍ പരം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ഭീകരപ്രസ്ഥാനത്തിന്റെ ഭീകരതാണ്ഡവം ആര്‍ക്കും മറക്കാനായിട്ടില്ല.
പാലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചങ്ങളാക്കി ഹമാസ് നടത്തുന്ന ഒളിപ്പോരിനെ അപലപിക്കാതെ ഇസ്രായേല്‍ നടത്തുന്ന തിരിച്ചടികളിലേയ്ക്ക് മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ത്ഥമില്ല. പാലസ്തീനില്‍ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന മതഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയാണ് മനുഷ്യമനഃസാക്ഷി ഉണരേണ്ടത്. യൂറോപ്പിലെ സമാധാന രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി കടന്നുചെന്നിട്ട് ആശ്രയം നല്‍കിയവരെ ആക്രമിച്ചു കീഴടക്കുന്ന ഭീകരത എന്തേ നാം കാണാതെ പോകുന്നു? റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരവേ ഈ യുദ്ധത്തില്‍ മരിച്ചുവീഴുന്നവരെയോര്‍ത്ത് വിലപിക്കാനോ യുദ്ധം അവസാനിപ്പിക്കുവാനോ സമാധാനം നിലനിര്‍ത്തുവാനോ ശ്രമങ്ങളില്ല.
നൈജീരിയയിലെ ബെന്യു സംസ്ഥാനത്തുമാത്രം ഒറ്റദിവസം ഭീകരസംഘം കൊലചെയ്തത് 200ല്‍ പരം ക്രൈസ്തവരെയാണ്. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍ക്വയിദയെന്ന മുസ്ലീം ഭീകരസംഘടന ദിവസംതോറും ക്രൈസ്തവരെ കൊന്നൊടുക്കുന്നു. കോംഗോയില്‍ ഇസ്ലാമിക സ്റ്റേറ്റിന്റെ ഘടകമായ ഭീകരവാദപ്രസ്ഥാനം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. സൊമാലിയയില്‍ അല്‍ ഷബാബ് എന്ന ഭീകരസംഘടനയുടെ നിഷ്ഠൂര ആക്രമത്തില്‍ ഒറ്റദിവസം ജീവന്‍ നഷ്ടപ്പെട്ടത് 100ല്‍ പരം മനുഷ്യരുടേതാണ്. ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ വേറെയുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ പതിനായിരക്കണക്കിന് മനുഷ്യര്‍ ഭീകരവാദികളാല്‍ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്നു.
2025 ജൂണില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരാധനമധ്യേ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ മരിച്ചുവീണവരെ നാം മറന്നുവോ? അയല്‍രാജ്യമായ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ കത്തീദ്രലില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരതാണ്ഡവം നൂറില്‍ പരം ക്രൈസ്തവ വിശ്വാസികളുടെ ജീവനെടുത്തു. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സ്‌കൂളുകളില്‍ നടന്ന വെടിവെയ്പുകള്‍, അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ വെടിവെച്ചുകൊന്ന ഭികരത, കാര്‍ട്ടൂണിസ്റ്റ് സാമുവല്‍ പാറ്റിയെ വധിച്ചത്, തെരുവോര സംഘര്‍ഷങ്ങള്‍, ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിപ്പിച്ചുള്ള അരുംകൊലകള്‍, മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരവാദ കൊലപാതകങ്ങള്‍ നിരന്തരം ലോകത്തുടനീളം ആവര്‍ത്തിക്കുമ്പോഴും കണ്ണടച്ച് അന്ധരായി അഭിനയിക്കുന്നവര്‍ ഗാസയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് ലോകത്തുടനീളം അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഭീകരവാദികളുടെ സംഹാരതാണ്ഡവത്തെ തമസ്‌കരിക്കാനുള്ള ഒരു അടവുതന്ത്രമായി മാത്രമേ വിലയിരുത്താനാവുകയുള്ളൂവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.