പൊടിമറ്റം: സമൂഹത്തില്‍ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.

മിശിഹാവര്‍ഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാന്‍സിസ്പാപ്പ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതുസമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുവാനും പ്രതീക്ഷകള്‍ നല്‍കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക സംവിധാനങ്ങള്‍ക്കാകണം.പുതുതലമുറയെ സഭയോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്തുവാനുമുള്ള കര്‍മ്മപദ്ധതികള്‍ ഇടവകകളില്‍ സജീവമാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.

പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി അഗസ്തി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാസന്ധ്യയും നടത്തപ്പെട്ടു.

അസി.വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, സി.അര്‍ച്ചന എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.