കൊച്ചി: ഉല്‍സവനാളുകളില്‍ മത്സ്യപ്രേമികള്‍ക്ക് കൂടുകൃഷിയില്‍ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന പിടയ്ക്കുന്ന മീനുകളുടെ മൂന്ന് ദിവസത്തെ വില്‍പന മേള ഞായറാഴ്ച (ഡിസംബര്‍ 22) മുതല്‍ സിഎംഎഫ്ആര്‍ഐയില്‍ തുടങ്ങും.

സിഎംഎഫ്ആര്‍ഐയുടെ പരിശീലനം ലഭിച്ച കര്‍ഷകര്‍ നടത്തുന്ന കൂടുകൃഷികളില്‍ നിന്ന് ആവശ്യാനുസരണം വിളവെടുത്ത മീനുകളാണ് മേളയിലെത്തിക്കുക. ഉയര്‍ന്ന ഗുണമേന്‍മയുള്ള ശുദ്ധമായ മത്സ്യങ്ങള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.

കൊടുങ്ങല്ലൂരിലെ ബ്ലൂ പേള്‍ മത്സ്യ കര്‍ഷക ഉല്‍പാദന സംഘവുമായി സഹകരിച്ച് സിഎംഎഫ്ആര്‍ഐയുടെ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് വില്‍പന മേള സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് സമയം. 24 ന് (ചൊവ്വാഴ്ച) സമാപിക്കും.

സിഎംഎഫ്ആര്‍ഐയിലെ മാരികള്‍ച്ചര്‍ ഡിവിഷനില്‍ നിന്ന് പരിശീലനം ലഭിച്ച കൂടുകൃഷിയില്‍ വൈദഗ്ധ്യമുള്ള മത്സ്യ കര്‍ഷകരുടെ കൂട്ടായ്മയാണ് ബ്ലൂ പേള്‍ കര്‍ഷക ഉല്‍പാദന സംഘം.