കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) രണ്ട് ശാസ്ത്രജ്ഞര്‍ക്ക് നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്റെ (നാസ്) അംഗീകാരം. ഗവേഷണ രംഗത്തെ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി സീനിയര്‍ സയന്റിസ്റ്റ് ഡോ എല്‍ദോ വര്‍ഗീസിനെ നാസ് ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ ടി ജി സുമിത്രയെ നാസ് അസോസിയേറ്റായും തിരഞ്ഞെടുത്തു.

കാര്‍ഷിക ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഗവേഷകരുടെ ദേശീയ കൂട്ടായ്മയാണ് നാസ്. ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള കാര്‍ഷിക-അനുബന്ധ ശാസ്ത്ര മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ആദരമാണ് നാസ് ഫെല്ലോ. 40 വയസ്സിന് താഴെയുള്ള യുവശാസ്ത്രജ്ഞര്‍ക്കായി നല്‍കുന്ന അംഗീകാരമാണ് നാസ് അസോസിയേറ്റ് പദവി.

കാര്‍ഷിക-ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയില്‍ നല്‍കിയ മികച്ച സംഭാവനകളാണ് ഡോ എല്‍ജോ വര്‍ഗീസിനെ നാസ് അംഗീകാരത്തിന് അര്‍ഹനാക്കിയത്. സ്റ്റാറ്റിസ്റ്റിക്കല്‍-ഇക്കോസിസ്റ്റം മോഡിലംഗ്, ഫിഷ് സ്റ്റോക്ക് അസസ്‌മെന്റ്, സമുദ്രമത്സ്യ മേഖലയിലെ ഡേറ്റ വിശകനം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍.

മത്സ്യങ്ങളിലെ രോഗബാധ, ആന്റി മൈക്രബോിയല്‍ പ്രതിരോധം, മറൈന്‍ ഫിഷ് മൈക്രോബയോം എന്നിവയിലൂന്നിയുള്ള മറൈന്‍ മൈക്രോബയോളജി രംഗത്തെ ഗവേഷണങ്ങളാണ് ഡോ സുമിത്രയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. മത്സ്യകൃഷിയില്‍ ഉത്തരവാദിത്തത്തോടെയുള്ള ആന്റിബയോട്ടിക് ഉപയോഗം, സുസ്ഥിര മത്സ്യ മാലിന്യ സംസ്‌കരണത്തിനുമുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് അവരുടെ പ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍.