കൊച്ചി: ഹിന്ദി ഭാഷ മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആര്‍ഐ പുരസ്‌കാരം നേടിയത്.

മൈസൂരിലെ കര്‍ണാടക ഓപണ്‍ സര്‍വകാലശാലയില്‍ നടന്ന ജോയിന്റ് റീജണല്‍ ഒഫിഷ്യല്‍ ലാംഗ്വേജ് സമ്മേളനത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരില്‍ നിന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീഷ് നായരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.