- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാമത് ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍
കൊച്ചി: അഞ്ചാമത് ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയുംേ്ര ്രകന്ദ ഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളില്‍ നിന്ന് വിവരശേഖരണം നടത്തും.
സാമ്പത്തിക ചിലവ് ഉള്‍പ്പെടെ സെന്‍സസിന് നേതൃത്വവും നല്‍കുന്നത് ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഫിഷറീസ് വകുപ്പാണ്. തീരദേശ സംസ്ഥാനങ്ങളില്‍ സെന്‍സസിന്റെ മുഖ്യ ചുമതല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിനാണ്.. ദ്വീപ് മേഖലകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ് എസ് ഐ)ക്കാണ് ചുമതല.
ജനസംഖ്യ-ഉപജീവന വിവരങ്ങള്‍ക്ക് പുറമെ, മത്സ്യബന്ധന യാനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍, ഹാര്‍ബറുകള്‍, ലാന്‍ഡിംഗ് സെന്ററുകള്‍, സംസ്‌കരണ യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നീ വിവരങ്ങളും ശേഖരിക്കും.
സെന്‍സസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നടത്തിയ ഉന്നതതല യോഗത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലായിരിക്കും വിവരശേഖരണമെന്ന് അവര്‍ പറഞ്ഞു.
സമുദ്രമത്സ്യ മേഖലയിലെ പദ്ധതി ആസൂത്രണങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും സുസ്ഥിര വിഭവപരിപാലനത്തിനും സെന്‍സസ് നിര്‍ണായകമാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടറും സെന്‍സസിന്റെ ദേശീയ കോര്‍ഡിനേറ്ററുമായ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
സെന്‍സസിന്റെ പൂര്‍ണവിജയത്തിന് വിവിധ ഏജന്‍സികളും സംസ്ഥാന സര്‍ക്കാറുകളും തമ്മില്‍ ഏകോപനവും സഹകരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. മത്സ്യഗ്രാമങ്ങളുടെ പട്ടികക്ക് അന്തിമരൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുകള്‍ സഹകരണം വാഗ്ധാനം ചെയ്തു. പ്രാദേശിക, സംസ്ഥാന, ജില്ലാ തല കോര്‍ഡിനേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളില്‍ നിന്നുള്ള എന്യൂമറേറ്റര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഡേറ്റ ശേഖരണത്തിന്റെ രീതികള്‍ യോഗം ചര്‍ച്ച ചെയ്തു. സെന്‍സസിന്റെ പ്രാരംഭ നടപടികളെ കുറിച്ചും സമയക്രമത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ സിഎംഎഫ്ആര്‍ഐ വകുപ്പ് മേധാവിയും സെന്‍സസ് പ്രോജക്ട് ലീഡറുമായ ഡോ ജെ ജയശങ്കര്‍ അവതരിപ്പിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ഫിഷറീസ് വികസന കമ്മീഷണര്‍ ഡോ കെ മുഹമ്മദ് കോയ, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ സഞ്ജയര്‍ പാണ്ഡെ, ജോയിന്റ് ഡയരക്ടര്‍ മനീഷ് ബിന്‍ഡല്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ്, സിഎംഎഫ്ആര്‍ഐ, എഫ് എസ് ഐ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും യോഗത്തില്‍ പങ്കെടുത്തു.