കോഴിക്കോട് : ഗോപിനാഥ് മുതുകാടിന്റെ 'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോ ആഗസ്റ്റ് 9-ന് കോഴിക്കോട് അരങ്ങേറും. ജാലവിദ്യ ഒരിക്കലും ഉപേക്ഷിക്കരുതെന്ന ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ തന്റെ പിതാവ് കുഞ്ഞുണ്ണിനായര്‍ക്കുള്ള സ്നേഹാര്‍ദ്രമായ സമര്‍പ്പണമാണ് ഈ പരിപാടി. കോഴിക്കോട് പ്രോവിഡന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30-നാണ് ഷോ.

ഇന്ത്യന്‍ മാന്ത്രിക ലോകത്തെ അതികായന്‍ പി.സി. സര്‍ക്കാര്‍ ജൂനിയര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

ഇന്ദ്രജാല വഴികളിലേക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കിയ പിതാവിനോടുള്ള ആദരസൂചകമായാണ് ഈ അവതരണം നടത്തുന്നതെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു.പത്താം വയസ്സുമുതല്‍ ജാലവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മുതുകാട്, 1985-ല്‍ ബിരുദ പഠനശേഷം നിയമം പഠിക്കാനായി ബാംഗ്ലൂരില്‍ ചേര്‍ന്നെങ്കിലും മാജിക്കിനോടുള്ള അഭിനിവേശം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മകന്റെ താല്‍പ്പര്യം മനസ്സിലാക്കിയ പിതാവ്, ഏറ്റെടുത്ത കര്‍മ്മപാതയില്‍ നിന്ന് വ്യതിചലിക്കരുതെന്ന് ഉപദേശിച്ച് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.

ഈ പ്രോത്സാഹനം മുതുകാടിന്റെ അമ്പതിലേറെ വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്ദ്രജാല യാത്രയ്ക്ക് വഴിയൊരുക്കി.ഗോപിനാഥ് മുതുകാട് ഇപ്പോള്‍ ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്രവികാസത്തിനായി പ്രവര്‍ത്തിക്കുകയാണ്. കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (IIPD) എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ മാനുഷിക ഇന്ദ്രജാലം മുന്നോട്ട് പോകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ പരിപാടി അദ്ദേഹം സമര്‍പ്പിക്കുന്നു. കാസര്‍ഗോഡ് പദ്ധതിയിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാണ് 'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍'.

ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ (DAC), ഓയ്‌സ്‌ക ഇന്റര്‍നാഷണല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസ്മയ കലാവിരുന്നാണിത്.

'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തില്‍ ഗോപിനാഥ് മുതുകാട്, മലബാര്‍ ചേംബര്‍ പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് , ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ് റ്റി.ഡി ഫ്രാന്‍സിസ്, ഓയ്സ്‌ക ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ അരവിന്ദ് ബാബു, നോര്‍ത്ത് കേരള പ്രസിഡന്റ് ഫിലിപ്പ് കെ. ആന്റണി, എന്നിവര്‍ പങ്കെടുത്തു.