- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്‍കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്.
കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഒരു നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങളില്‍ആത്മാര്‍ഥമായി ഇടപെട്ട് വിഷയം പരിഹരിക്കുന്നതിനു വേണ്ടുന്ന ശ്രമങ്ങള്‍ അദ്ദേഹം നടത്തി. അദേഹത്തിന്റെ പേരിലുള്ള ജീവകാരുണ്യ പുരസ്‌കാരം അര്‍ഹിക്കുന്ന കരങ്ങളിലേക്കാണ് എത്തിയതെന്ന സന്തോഷമുണ്ട്. ഗോപിനാഥ് മുതുകാട് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ക്ക് എല്ലാവരും പിന്തുണക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എം ഹസ്സന്‍, കെ.മുരളീധരന്‍, ജിജി തോംസണ്‍, സി.ദിവാകരന്‍, സി.പി ജോണ്‍, സണ്ണിക്കുട്ടി എബ്രഹാം, വി.എസ് ശിവകുമാര്‍, എന്‍.ശക്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.