കൊച്ചി: 20ാമത് മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ (മെറ്റ) അവാര്‍ഡിനായുള്ള 10 നാടകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ ഇടം പിടിച്ചു. ഒ. ടി. ഷാജഹാന്‍ സംവിധാനം ചെയ്യ്ത 'ജീവന്റെ മാലാഖ', കണ്ണന്‍ പാലക്കാട് സംവിധാനം ചെയ്യ്ത 'കണ്ടോ നിങ്ങള്‍ എന്റെ കുട്ടിയെ കണ്ടോ' എന്നീ നാടകങ്ങളാണ് മഹീന്ദ്ര ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ നാടക മികവിനുള്ള അവാര്‍ഡിനായി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

കലാരംഗത്തെ പ്രമുഖരായ കുല്‍ജീത്ത് സിങ്ങ്, ദിവ്യ സേത്ത് ഷാ, ദീലീപ് ശങ്കര്‍, ശങ്കര്‍ വെങ്കിടേശ്വരന്‍, അനുരൂപ റോയി എന്നിവരടങ്ങിയ കമ്മിറ്റി 32 ഭാഷകളില്‍ നിന്നും ലഭിച്ച 367 എന്‍ട്രികളില്‍ നിന്നാണ് 10 നാടകങ്ങള്‍ തിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ ന്യൂഡെല്‍ഹിയില്‍ അവതരിപ്പിക്കും. 20ന് കമാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ വിജയികളെ പ്രഖ്യാപിക്കും.

ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ജീവന്റെ മാലാഖ' രംഗത്ത് അവതരിപ്പിക്കുന്നത് പാലക്കാട്ടെ അത്ലറ്റ് കായിക നാടകവേദിയാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'കണ്ടോ എന്റെ കുട്ടിയെ കണ്ടോ' എന്ന നാടകം അവതരിപ്പിക്കുന്നത് നവരംഗ് പാലക്കാടാണ്. ഹിന്ദി, ബംഗ്ല, കന്നട, സംസ്‌കൃതം, ബുന്ദേലി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ളതാണ് ചുരുക്ക പട്ടികയിലെ മറ്റ് നാടകങ്ങള്‍.