കൊച്ചി: അമൃത ആശുപത്രിയില്‍ പീഡിയാട്രിക് എപിലെപ്‌സി സര്‍ജന്‍മാരുടെ രാജ്യാന്തര സമ്മേളനവും ശില്‍പശാലയും ആരംഭിച്ചു. അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലെപ്‌സിയും, അമൃത ബ്രെയിന്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ ന്യൂറോളജിസ്റ്റുകളും ന്യൂറോസര്‍ജന്മാരുമുള്‍പ്പെടെ നൂറോളം ഡോക്ടര്‍മാര്‍ക്കാണ് കുട്ടികളിലെ അപസ്മാര ശസ്ത്രക്രിയാ രീതികളില്‍ പരിശീലനം നല്‍കുന്നത്.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. പി. ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു.

ഡോ. കെ.പി. വിനയന്‍, ഡോ.അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജര്‍മ്മനി, ജപ്പാന്‍, ബള്‍ഗേറിയ, ബ്രസീല്‍, യു.കെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് അഭിഷേക് ലാഹിരി അവതരിപ്പിച്ച സരോദ് കച്ചേരിയും അരങ്ങേറി.

ശില്‍പശാലയില്‍ കുട്ടികളിലെ അപസ്മാരത്തിന്റെ സവിശേഷതകളും മരുന്നുപയോഗിച്ചുള്ള ചികിത്സയിലെ വെല്ലുവിളികളും ചര്‍ച്ച ചെയ്യുമെന്ന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്‍ പറഞ്ഞു. അപസ്മാരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണെന്നും അപസ്മാര രോഗം നിരന്തരമായി അനുഭവിക്കുമ്പോള്‍ ഉണ്ടാകാവുന്ന മാനസികാഘാതം നേരത്തേയുള്ള ചികിത്സയിലൂടെ ഗണ്യമായി കുറയ്ക്കാനാകുമെന്നും പ്രഗല്‍ഭ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഹാന്‍സ് ഹോല്‍ത്തോസെന്‍ പറഞ്ഞു. അപസ്മാര ചികിത്സയ്ക്കായുള്ള അമൃത ആശുപത്രിയിലെ സംവിധാനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.