കോഴിക്കോട്: ഫലസ്തീന്‍ അംബാസിഡറുടെ പ്രതിനിധിയും എംബസിയിലെ പൊളിറ്റിക്കല്‍, മീഡിയ കൗണ്‍സിലറുമായ ഡോ. അബ്ദു റസാഖ് അബു ജാസിര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ മര്‍കസില്‍ സന്ദര്‍ശിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ വ്യാപന സാഹചര്യവും ഫലസ്തീനിലെ ദുരിതാന്തരീക്ഷവും ഗ്രാന്‍ഡ് മുഫ്തിയുടെ ശ്രദ്ധയില്‍ പെടുത്തിയ അദ്ദേഹം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നതിലും ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവ നശിപ്പിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.

ഫലസ്തീനില്‍ സമാധാനം പുലരുന്നതിനും സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനും ഇടപെടല്‍ വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഫലസ്തീന്‍ ജനതയുടെ കൂടെ ഇന്ത്യന്‍ സമൂഹം എന്നും ഉണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ ആശയവിനിമയം നടത്തിയെന്നും ഗ്രാന്‍ഡ് മുഫ്തി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ 25 ന് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഫലസ്തീനിലെ സിവിലിയന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇടപെടലുകളിലും പൊതു വേദികളിലടക്കം നിരന്തരം ഫലസ്തീന്‍ വിഷയം ഉന്നയിക്കുന്നതിലും ദുരിതമനുഭവിക്കുന്ന ജനതക്കായി പ്രാര്‍ഥിക്കുന്നതിലും കൗണ്‍സിലര്‍ പ്രത്യേകം കൃതജ്ഞതയറിയിച്ചു.