തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് സംവിധാനമാണ് നമ്മുടെ രാജ്യത്തേതെങ്കിലും നടത്തിപ്പിലും നടപടിക്രങ്ങളിലും പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമഗ്രമായ മാറ്റം കൊണ്ടുവരണമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐഎഎസ് (റിട്ട.) അഭിപ്രായപ്പെട്ടു.

കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ' സെമിനാര്‍ ഉദ്ഘാടനം ചെയ്തു . അദ്ദേഹം. ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം ഉണ്ടാകണം. ഇലക്ഷനുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ ഇലക്ഷന്‍ ഇല്ലാത്ത സമയങ്ങളിലും നടത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാകണം. ഇലക്ഷന്‍ രംഗത്ത് ക്രിയാത്മക പരിഷ്‌കരണ ചര്‍ച്ചയുമായി എംപ്ലോയീസ് മൂവ്‌മെന്റ് മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണ്. വ്യാപകമായ ചര്‍ച്ചക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷന്‍ പ്രക്രിയ കുറെക്കൂടി സുതാര്യമാകണമെന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഹാര്‍ബര്‍, ഫിഷറീസ് & മൈനോറിറ്റി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് സെക്രട്ടറി ബി. അബ്ദുല്‍ നാസര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു.

വര്‍ദ്ധിച്ചുവരുന്ന ഇലക്ഷന്‍ ചിലവുകള്‍ പിന്നീടുള്ള അഴിമതിക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ചെലവേറിയ പ്രചാരണങ്ങള്‍ക്ക് പകരം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഡിബേറ്റ് പോലുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിഷയം അവതരിപ്പിച്ച അസറ്റ് മുന്‍ ചെയര്‍മാന്‍ കെ. ബിലാല്‍ ബാബു അഭിപ്രായപ്പെട്ടു ജീവനക്കാരുടെ ഇലക്ഷന്‍ പോസ്റ്റിംഗ് രീതി സമഗ്രമായി പരിഷ്‌കരിക്കണം. വോട്ടിംഗ് മെഷീനും അനുബന്ധ സംവിധാനങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ നേരിട്ട് എത്തിക്കാനും തിരിച്ച് ഏറ്റുവാങ്ങാനമുള്ള സംവിധാനത്തെക്കുറിച്ച് ആലോചന നടത്തണം. പോളിംഗ് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മതിയായ വേതനം മുടക്കമില്ലാതെ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (അസെറ്റ്) ജനറല്‍ കണ്‍വീനര്‍ വൈ. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റാഫി പോത്തന്‍കോട്, ഹയര്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സതീഷ് കുമാര്‍, ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എ. കബീര്‍, അസെറ്റ് ചെയര്‍മാന്‍ എസ്. ഖമറുദ്ദീന്‍, എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എ. അനസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.