കൊച്ചി: ഏപ്രില്‍ 13മുതല്‍ 16വരെ ഡല്‍ഹി യശോഭൂമി എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വൈബ്രന്റ് ബില്‍ഡ്കോണ്‍ 2025 എക്‌സ്‌പോയിലേക്ക് ഈ മാസം 31വരെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചു. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിപണി വിപുലീകരണം സാധ്യമാക്കുക, ഇന്ത്യയില്‍ നിര്‍മിക്കുന്ന നിര്‍മാണസാമഗ്രികളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, വിദേശ വിപണികള്‍ കണ്ടെത്തുക, നൂതന രീതിയിലുള്ള നിര്‍മാണസാമഗ്രികളുടെ പ്രദര്‍ശനം എന്നീ ലക്ഷ്യത്തോടെയാണ് രാജ്യതലസ്ഥാനത്തു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

കെട്ടിടങ്ങള്‍ക്കാവിശ്യമായ നിര്‍മാണ സാമഗ്രികളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (SME) ആഗോള ബിസിനസ് വിപണിയുമായി ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് വൈബ്രന്റ് ബില്‍ഡ്കോണ്‍ എക്‌സ്‌പോ വഴി ലഭിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ആര്‍ക്കിടെക്റ്റുകള്‍, ബില്‍ഡര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ എക്‌സ്‌പോയുടെ ഭാഗമാകും. സുസ്ഥിരത, നവീകരണം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള വൈബ്രന്റ് ബില്‍ഡ്കോണ്‍ 2025 എക്‌സ്‌പോ, സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://vibrantbuildcon.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.