- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഷീനറി എക്‌സ്‌പോ 2025; സെപ്തംബര്‍ 20ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7ാമത് മെഷിനറി എക്‌സ്‌പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഈ മാസം 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എക്‌സപോയിലേക്ക് പ്രവേശനമുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് എക്‌പോയിലേക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ- വാണിജ്യ വകുപ്പ് ഡയരക്ടര്‍ വിഷ്ണുരാജ്. പി ഐഎഎസ്, എറണാകുളം ജില്ലാ കലക്ടര്‍ പ്രിയങ്ക. ജി ഐഎഎസ്, എംഎസ്എംഇ മന്ത്രാലയം ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഡോ. രജനീഷ് ഐഎഎസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് എന്നിവര്‍ പങ്കെടുക്കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 230 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിനറി നിര്‍മ്മാതാക്കളും എക്‌സപോയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍, സിഎന്‍സി മെഷീനുകള്‍, എസ് പി എമ്മുകള്‍, നൂതന പ്രോസസ്സിംഗ്- പാക്കേജിംഗ് മെഷീനുകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദര്‍ശനം, തത്സമയ യന്ത്ര ഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും.
സംരംഭകര്‍ക്കും സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്കും സാങ്കേതിക-വാണിജ്യ ഉള്‍ക്കാഴ്ചകളും വിശദാംശങ്ങളും നല്‍കുന്നതിന് പുറമെ, ബ്രാന്‍ഡ് നിര്‍മ്മാണത്തിനും ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതിനും എക്‌സ്‌പോ അവസരം ഒരുക്കും.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ 'സംഭരണ, വിപണന പിന്തുണ' (പിഎംഎസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പി.എ. നജീബിന് പുറമെ, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ അനീഷ് മാനുവല്‍, വിനോദ് ജി. എന്നിവരും പങ്കെടുത്തു