കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷീനറി എക്സ്പോയില്‍ ലഭിച്ചത് 50 കോടി രൂപയുടെ ഓര്‍ഡറുകള്‍. ഇതില്‍ 675 എണ്ണം സുനിശ്ചിത ഓര്‍ഡറുകളാണ്.10.58 കോടി രൂപയുടെ നേരിട്ടു വില്‍പന എക്സിബിഷനില്‍ നടന്നു.13,968 അന്വേഷണങ്ങളുണ്ടായി. നാലു ദിവസമായി നടന്ന എക്സ്പോയിലേതാണ് മികവുറ്റ കണക്കുകള്‍.

കാക്കനാട് ഇന്‍ഫ്രാ പാര്‍ക്ക് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ഇത്തവണയെത്തിയത് 40,000 ല്‍ അധികം പേരാണ്. കണക്കുകള്‍ പറയുന്നത് എക്കാലത്തേയും മികച്ച റെക്കോര്‍ഡാണ് ഏഴാമത് എക്സ്പോയിലേതെന്ന് ജനറല്‍ കണ്‍വീനര്‍ നജീബ് പി എ പറഞ്ഞു.

233 സ്റ്റാളുകളിലായി നടന്ന എക്സിബിഷനില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ടായി.

പ്രിന്‍ടെക്ക് എഞ്ചിനീയേഴ്സ് തിരുവനന്തപുരം, ഡൈനോ ക്രെയിന്‍സ് ഉടമകളായ മാളവിക എഞ്ചിനീയറിംഗ് വര്‍ക്ക്സ് കോട്ടയം എന്നിവയ്ക്കു ലഭിച്ച കരാറുകളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു. എക്സ്പോയിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം കവോണ്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. ലിവേജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് മികച്ച രണ്ടാമത്തേയും പ്രിന്‍ടെക് എഞ്ചിനീയേഴ്സ് മൂന്നാമത്തെയും സ്ഥാനം സ്വന്തമാക്കി.

വൈകീട്ട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എക്സിബിറ്റര്‍മാര്‍ക്കും പങ്കാളികള്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ ജി പ്രിയങ്ക ഐഎഎസ് മുഖ്യ പ്രഭാഷണവും കെഎസ്എസ്‌ഐഎ എറണാകുളം ജില്ലാ പ്രസിഡണ്ട് ടോം തോമസ് പ്രത്യേക പ്രഭാഷണവും നടത്തി.ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി എ അദ്ധ്യക്ഷനായി.

കളമശ്ശേരി ഡെവലപ്പ്‌മെന്റ് പ്ലോട്ട് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഒ എ നിസ്സാം, എടയാര്‍ ഡെവലപ്പ്‌മെന്റ് ഏരിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് വി. നരേന്ദ്ര കുമാര്‍, അങ്കമാലി ഡെവലപ്പ്‌മെന്റ് പ്ലോട്ട് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് മുസ്തഫ പി.കെ, ആലുവ ഡെവലപ്പ്‌മെന്റ് ഏരിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് പി. എം മുസ്തഫ, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, കെഐഇഡി സിഇഒ സജി എസ്, വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് ജോയിന്റ് ഡയറക്ടര്‍ പ്രേം രാജ് പി എന്നിവര്‍ പങ്കെടുത്തു.തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഷീബ എസ് സ്വാഗതവും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അനീഷ് മാനുവല്‍ നന്ദിയും രേഖപ്പെടുത്തി.