കൊച്ചി: മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ അമിത 'സ്‌ക്രീന്‍ ടൈമിന്' ഇരകളാവുന്നതു തടയാനായി ഫെഡറല്‍ ബാങ്ക് നടപ്പാക്കുന്ന സംസ്ഥാനതല ബോധവല്‍ക്കരണ പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി. 'കളിയും കാര്യവും' എന്ന പേരിലുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ കടവന്ത്രയിലും തിരുവാണിയൂര്‍ കൊച്ചിന്‍ റിഫൈനറീസ് സ്‌കൂളിലുമായി ആരംഭിച്ചു.

അമിതമായ സ്‌ക്രീന്‍ ഉപയോഗത്തിന്റെ ദോഷങ്ങള്‍, ലഘു സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളില്‍ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ ചാക്യാര്‍ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവല്‍ക്കരണം നല്‍കുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളം തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

കേന്ദ്രീയ വിദ്യാലയത്തിലും കൊച്ചിന്‍ റിഫൈനറീസ് സ്‌കൂളിലും നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കു പുറമേ, അധ്യാപകരും പങ്കെടുത്തു. കേരളത്തിന്റെ തനതു കലാരൂപങ്ങളെ കാണാന്‍ കഴിഞ്ഞതും സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള സെഷനും വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വിവിധ സ്‌കൂളുകളില്‍ പരിപാടി സംഘടിപ്പിക്കും.

ജില്ലയില്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍, തൃപ്പുണിത്തുറ എന്‍എസ്എസ് എച്ച്എ സ്എസ്, ബ്രോഡ്വേ സെന്റ് മേരീസ് കോണ്‍വന്റ് ഗേള്‍സ് എച്ച്എസ്എസ്, കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂള്‍, ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍, ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കും. കുട്ടികളുടെ മാനസികാരോഗ്യവും സാമ്പത്തിക അവബോധവും വികസിപ്പിക്കുകയാണ് ബോധവല്‍ക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.