- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊച്ചി: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2024 നവംബര്‍ ഒന്നിനും 2025 ഒക്ടോബര്‍ മുപ്പത്തൊന്നിനുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലീക കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമാവുന്നത്.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകര്‍ക്കൊപ്പം വായനക്കാര്‍ക്കും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള Federal Bank Literary Award എന്ന ലിങ്കിലൂടെയാണ് വായനക്കാര്‍ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത്. ഒരാള്‍ക്ക് മൂന്നു പുസ്തകങ്ങള്‍ വരെ നിര്‍ദ്ദേശിക്കാവുന്നതാണ്.
'മലയാളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനു തുടര്‍ച്ച നല്‍കിയും സംവാദങ്ങള്‍ക്ക് ഇടംനല്‍കിയും ഭാഷയുടെ തനിമയെ സംരക്ഷിക്കുന്ന എഴുത്തുകാരോടുള്ള ഫെഡറല്‍ ബാങ്കിന്റെ ആദരവാണ് ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം. വാക്കുകളുടെ കരുത്തിനുള്ള ഒരു സമര്‍പ്പണം കൂടിയാണിത്.' ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ എം വി എസ് മൂര്‍ത്തി പറഞ്ഞു.
വായനക്കാരും പ്രസാധകരും നിര്‍ദ്ദേശിച്ച പുസ്തകങ്ങളില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി പുരസ്‌കാരത്തിന് അര്‍ഹമാവുന്ന പുസ്തകം തെരഞ്ഞെടുക്കും.
കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2025 ന്റെ വേദിയില്‍ വച്ചായിരിക്കും പുരസ്‌കാരം സമ്മാനിക്കുക.
കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ, സാറാ ജോസഫ് എഴുതിയ കറ, ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്നീ കൃതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെഡറല്‍ ബാങ്ക് സാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായത്.പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി നവംബര്‍ 15.




