മലപ്പുറം : ആദായ നികുതി നല്‍കാത്ത ക്രിസ്ത്യന്‍ ഉദ്യോഗസ്ഥന്മാരുടെ മാത്രം പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുളള സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നു.വിദ്യാഭ്യാ സ വകുപ്പില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള ക്രൈസ്തവ ഉദ്യോഗസ്ഥരുടെ വിവരമാണിങ്ങനെ ശേഖരിക്കുന്നത്. ഡിപിഐയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍മാരാണ് സ്ഥാപന മേധാവികള്‍ക്ക് ഇത്തരം സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്തതും സാംസ്‌കാരിക കേരളത്തിന് ഏറെ അപമാനകരവുമാണ് മാതാടിസ്ഥാനത്തിലുള്ള വിവരശേഖരണം ആവിശ്യപ്പെട്ടിട്ടുള്ള സര്‍ക്കുലര്‍.

ജനങ്ങളെ വേര്‍തിരിച്ചു കാണുകയും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. മതവും ജാതിയും നോക്കിയല്ല സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതും ഉദ്യോഗസ്ഥമാര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് നടപടി എടുക്കേണ്ടതും.

സംഘപരിവാര്‍ രാജ്യത്ത് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തിനു പഠിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സംഘപരിവാറിന്റെ വിവേചന മനോഭാവമുള്ള ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.

കേരളീയ സമൂഹത്തിനിടയില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ സംഘപരിവാര്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥ ലോബികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും വരെ സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങള്‍ പറഞ്ഞു.

അഡ്വ അമീന്‍ യാസിര്‍, ഹാദി ഹസ്സന്‍,സാബിറ ശിഹാബ്, അജ്മല്‍ ഷഹീന്‍, സുജിത്ത് പി, റമീസ് ചാത്തല്ലൂര്‍,എം ഇ അല്‍ത്താഫ്, സി. എച്ച് ഹംന എന്നിവര്‍ നേതൃത്വം നല്‍കി.