- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയില്‍ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകള്‍ ഉയരും; കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

ഇന്ത്യയില്‍ ആദ്യമായി, ഒരു ഉള്‍നാടന്‍ ജലപാതയില്‍ ലൈറ്റ്ഹൗസ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകള്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്നു ശിലാസ്ഥാപനം നിര്‍വഹിച്ചു.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീല്‍, കാംരൂപ് ജില്ലയിലെ പാണ്ഡു, നാഗോണ്‍ ജില്ലയിലെ സില്‍ഘട്ട്, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട് എന്നിവയാണ് നദീതീര ലൈറ്റ് ഹൗസുകള്‍ക്കായി തറക്കല്ലിട്ട നാല് സ്ഥലങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്‍നാടന്‍ ചരക്ക്, യാത്രാ ഇടനാഴികളില്‍ ഒന്നാണ് ബ്രഹ്മപുത്ര നദി, അഥവാ ദേശീയ ജലപാത-2.
നാലു ലൈറ്റ് ഹൗസുകളുടെയും സംയോജിത പദ്ധതി ചെലവ് ഏകദേശം 84 കോടി രൂപയാണ്. ഓരോ ലൈറ്റ് ഹൗസും 20 മീറ്റര്‍ ഉയരത്തിലുള്ളതും, 14 നോട്ടിക്കല്‍ മൈല്‍ ഭൂമിശാത്ര പരിധിയും, 8-10 നോട്ടിക്കല്‍ മൈല്‍ പ്രകാശ പരിധിയുമുള്ളവയാണ്. ഇവ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കും. ലൈറ്റ് ഹൗസുകള്‍ക്കൊപ്പം, മ്യൂസിയം, ആംഫി തിയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, സുവനീര്‍ ഷോപ്പ്, ലാന്‍ഡ്സ്‌കേപ്പ് ചെയ്ത പൊതു ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
ഉള്‍നാടന്‍ ജലഗതാഗത അതോറിട്ടിയുടെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബ്രഹ്മപുത്ര ജലപാതയിലെ ഗതാഗത യാനങ്ങള്‍, ചരക്ക് ഗതാഗതം എന്നിവയില്‍ 53 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ദേശീയ ജലപാതയിലെ ചരക്ക് ഗതാഗതം പ്രതിവര്‍ഷം 8-10 ശതമാനം എന്ന നിലയില്‍ സ്ഥിരമായി വളര്‍ന്നു, കൂടാതെ ബ്രഹ്മപുത്ര ജല ഇടനാഴി ഇപ്പോള്‍ അസമിലെ തേയില, കല്‍ക്കരി, വളം വ്യവസായങ്ങള്‍ക്ക് സേവനം നല്‍കുന്ന വിതരണ ശൃംഖലകളില്‍ അവിഭാജ്യ ഘടകമാണ്. പുതിയ നദീതീര ലൈറ്റ് ഹൗസുകള്‍ സുരക്ഷിത യാത്ര പ്രാപ്തമാക്കുകയും, കാലാവസ്ഥാ നിരീക്ഷണ സെന്‍സറുകള്‍ക്കു സഹായകമാവുകയും ചെയ്യും.
''ഉള്‍നാടന്‍ ജലപാതകള്‍ റോഡ്വേകള്‍ക്കും റെയില്‍വേകള്‍ക്കും ഒരു ബദല്‍ മാത്രമല്ല. മറിച്ച് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിനായി അവയെ ശക്തിപ്പെടുത്തുകയും പ്രാപ്തമാക്കുകയും ചെയ്യുന്നു. ജലമാര്‍ഗ്ഗം കൊണ്ടുപോകുന്ന ഒരു ടണ്‍ ചരക്കിന് റോഡ് ഗതാഗതം ആവശ്യപ്പെടുന്നതിന്റെ ചെറിയ ശതമാനം മാത്രമാണ് ചിലവാകുക. ഇതിനു പുറമെ, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ക്കും അത്യാവശ്യ വസ്തുക്കളുടെ നീക്കത്തിനുമായി ഇതു ഹൈവേകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നദികള്‍ 24 മണിക്കൂറും വ്യാപാരത്തിനായി തുറന്നിരിക്കുന്നു എന്ന പ്രസ്താവന കൂടിയാണ് ബ്രഹ്മപുത്രയില്‍ ഒരുങ്ങുന്ന ലൈറ്റ് ഹൗസുകള്‍,' കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഗുവാഹത്തിയിലെ ലചിത് ഘട്ടില്‍ നടന്ന ശിലാസ്ഥാപന ചടങ്ങ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്പുകളും, ഉള്‍നാടന്‍ ജല ഗതാഗത അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിച്ചത്.


