തിരുവനന്തപുരം: കേരള സര്‍വകാലാശാല വി.സി മോഹനന്‍ കുന്നുമ്മല്‍ പുറപ്പെടുവിച്ച 'കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള' ഉത്തരവ് ഗുരുതരവും ആശങ്കാജനകവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കേസ് ചുമത്തപ്പെട്ടതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് ഒരാള്‍ കുറ്റവാളി ആണോ അല്ലേ എന്നതിന്റെ മാനദണ്ഡമല്ല. കുറ്റവാളിയാണെങ്കില്‍പോലും വിദ്യാഭ്യാസം നേടാന്‍ അവകാശം ഉണ്ടായിരിക്കെ, കുറ്റവാളിപോലുമല്ലാത്ത പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.


വിദ്യാഭ്യാസം നേടണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സൗകര്യമൊരുക്കുക എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടി, ചില വിദ്യാര്‍ഥികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളെ നല്ല വിദ്യാര്‍ത്ഥി, മോശം വിദ്യാര്‍ത്ഥി അല്ലെങ്കില്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥി, പ്രതിചേര്‍ക്കപ്പെടാത്ത വിദ്യാര്‍ത്ഥി എന്നിങ്ങനെ തട്ടുകളാക്കി തരംതിരിച്ച് വിദ്യാഭ്യാസം നേടാന്‍ അര്‍ഹതയുള്ളവരും, അര്‍ഹതയില്ലാത്തവരുമായി തിരിക്കുന്നതാണ് സര്‍വകലാശാല ഉത്തരവ്. വിദ്യാഭ്യാസം നിഷേധിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തകര്‍ക്കാനുള്ള ക്രൂര നീക്കമാണ്. സര്‍വകലാശാലകളും കോളേജുകളും ജനാധിപത്യത്തിന്റെയും നീതിയുടെയും കേന്ദ്രങ്ങളാണാകേണ്ടത്. അല്ലാതെ, ഭരണകൂടങ്ങളുടെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന സ്ഥലങ്ങളായി മാറരുത്.

വി.സിയുടെ ഭരണഘടനാവിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു.