തിരുവനന്തപുരം: കേരളത്തെ സംഘ്പരിവാറിന് തീറെഴുതി പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയേറ്റ് സമര ഗേറ്റില്‍ പോലീസ് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. 1500 കോടിക്ക് വേണ്ടി സംസ്ഥാനത്തെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുത്ത ഇടത് സര്‍ക്കാറിന് കേരള ജനത മാപ്പ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനായുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പി.എം ശ്രീ. ഒരു കാരണവശാലും രണ്ടും കേരളത്തില്‍ നടപ്പിലാക്കാന്‍ ഫ്രറ്റേണിറ്റി അനുവദിക്കില്ല. ഫണ്ടിന് വേണ്ടി എന്തും ചെയ്യുമെന്നാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 2000 കോടി തന്നാല്‍ പിണറായി വിജയന്‍ കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കുമോ?

ഗവര്‍ണര്‍ക്കെതിരെ കേരളം മൊത്തം സമരം ചെയ്ത എസ്.എഫ്.ഐക്ക് സംഘ് വിധേയത്വത്തിനെതിരെ പിണറായി വിജയനോട് ആശങ്ക രേഖപ്പെടുത്താനുള്ള നട്ടല്ലേയുള്ളൂവെന്നത് നാണക്കേടാണ്. പി.എം ശ്രീയും എന്‍.ഇ.പിയും കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി വരും ദിനങ്ങളില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപു തോന്നക്കല്‍, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖ്ബാല്‍, നഈമ, ലമീഹ്, തസ്മീര്‍, ഇനായത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുള്ള നീക്കത്തിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മോദിയുടെ ഷൂ നക്കുന്ന പിണറായിയെ പ്രതിഷേധത്തിനിടെ പ്രതീകാത്മകമായി പ്രവര്‍ത്തകര്‍ ആവിഷ്‌ക്കരിച്ചത് ശ്രദ്ധേയമായി.

പ്രതിഷേധത്തിന് സഈദ് ടി.കെ, ബാസിത്, അമീന്‍ റിയാസ്, കെ.എം സാബിര്‍ അഹ്‌സന്‍, ഷാഹിന്‍ തന്‍സീര്‍, യാസിര്‍, സുരയ്യ എന്നിവര്‍ നേതൃത്വം നല്‍കി