പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും സമീപം സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.

ശുചിമുറി മാലിന്യ നിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണര്‍കാട്, ടോണി തോട്ടം, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, പ്രശാന്ത് പാലാ, ജോസ് മുകാല, ജോബി മാത്യു മടുക്കാങ്കല്‍, അമല്‍ കെ ഷിബു, അനില്‍കുമാര്‍ എന്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

ഈരാറ്റുപേട്ട ഹൈവേയോടു ചേര്‍ന്ന ഭാഗത്താണ് കഴിഞ്ഞ രാത്രി വന്‍തോതില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറയുന്നു. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് ഇതിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്നും കണ്ടെത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ വഴിയില്‍ നില്‍ക്കുന്ന ഒരു വ്യക്തി നല്‍കുന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടാങ്കര്‍ ലോറി വരുന്നതും മാലിന്യം തള്ളുന്നതും തുടര്‍ന്ന് ഈ വ്യക്തി ടാങ്കര്‍ ലോറിയില്‍ പോകുന്നതും വീഡിയോയില്‍ കാണാം. ഇതോടെ ഈ മേഖലയില്‍ ദുര്‍ഗന്ധം വമിച്ചു. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് പിന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളവും കോടതി സമുച്ചയവും സ്ഥിതി ചെയ്യുന്നത്.

ഏറെ നാളുകള്‍ക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ശുചിമുറി മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇവിടെ കൈതോട്ടില്‍ തള്ളുന്ന ശുചിമുറി മാലിന്യം മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്.