ന്താരാഷ്ട്ര തലത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രസക്തി വര്‍ദ്ധിച്ചതായി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കാലടി മുഖ്യക്യാമ്പസില്‍ സംഘടിപ്പിച്ച പ്രീ-കോണ്‍ക്ലേവ് ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ നേട്ടങ്ങളും അതുല്യമായ പ്രത്യേകതകളും പ്രദര്‍ശിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിലൂടെ കൂടുതല്‍ സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ സര്‍വ്വകലാശാലകള്‍ക്ക് ലഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തുവാന്‍ ഈ ക്ലോണ്‍ക്ലേവിലൂടെ സാധിക്കും, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

പ്രീ കോണ്‍ക്ലേവിനോടനുബന്ധിച്ച് നടത്തിയ സിമ്പോസിയത്തില്‍ ഡോ. കെ. യമുന അധ്യക്ഷയായിരുന്നു. 'ഉന്നതവിദ്യാഭ്യാസവും വിജ്ഞാന സമൂഹവും : ഭാഷ-മാനവിക-സാമൂഹ്യശാസ്ത്ര വിവക്ഷകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ഡോ. എ. കെ. രാമകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണന്‍, അന്‍വര്‍ അലി എന്‍. എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്‍, ഡോ. ബിജു വിന്‍സന്റ്, അഹമ്മദ് കസ്‌ട്രോ എന്നിവര്‍ പ്രസംഗിച്ചു. പ്രീ-കോണ്‍ക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. മിനി ഉദ്ഘാടനം ചെയ്തു.