വൈത്തിരി: 'എടോ, ഈ ആളുകളൊക്കെ നമ്മെ കാണാന്‍ വന്നതാണ്. നീയിങ്ങനെ പിണങ്ങി നില്‍ക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്!' കേരളത്തിന്റെ സ്വന്തം വെച്ചൂര്‍ പശു തൊട്ടപ്പുറത്തു നില്‍ക്കുന്ന ആന്ധ്ര സ്വദേശി ഓഗോള്‍ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാന്‍ക്രജ് പശു തന്റെ വലിപ്പമാര്‍ന്ന കൊമ്പുകുലുക്കി.

കാര്യമെന്തെന്നറിയാതെ ഗിര്‍ പശുവും വടകര കുള്ളന്‍ പശുവും പരസ്പരം അന്തംവിട്ടു നിന്നു... പൂക്കോട് വെറ്ററിനറി കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദര്‍ശന സ്റ്റാള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ വിവിധയിനം പശുക്കളുടെ പരിച്ഛേദമായി മാറി.

സംസ്ഥാനത്തിന്റെ തനത് പശുവര്‍ഗമാണ് വെച്ചൂര്‍ പശു. കോട്ടയം ജില്ലയിലെ വെച്ചൂരാണ് സ്വദേശം. ഉയരക്കുറവ് പ്രത്യേകതയുള്ള ഇത്തരം പശുക്കളുടെ പാലിന് കൂടുതല്‍ ഔഷധഗുണങ്ങളുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വെച്ചൂര്‍ പശുക്കള്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ളവരാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഓഗോള്‍ പശുക്കളും ഉയര്‍ന്ന പാലുല്‍പാദന ശേഷിയുള്ളവരാണ്.

ജനനസമയത്ത് ചുവപ്പ് കലര്‍ന്ന തവിടു നിറത്തില്‍ കാണപ്പെടുമെങ്കിലും കാലക്രമേണ തിളങ്ങുന്ന വെള്ള നിറമാകുമെന്നതാണ് ഇത്തരം പശുക്കളുടെ പ്രത്യേകത. ഇന്ത്യന്‍ പശുക്കളില്‍ ഏറ്റവും വലിപ്പമുള്ള ഇനമാണ് കാന്‍ക്രജ്. വലിപ്പമുള്ള കൊമ്പുകളാണ് കാന്‍ക്രജ് പശുക്കളുടെ സവിശേഷത. കൊമ്പുകള്‍ ലൈര്‍ ആകൃതിയിലാണ് കാണപ്പെടുക. കൂടുതലായും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് കാന്‍ക്രജ് പശുക്കളെ ഉപയോഗിക്കുന്നത്. 8 മുതല്‍ 10 ലിറ്റര്‍ പാലാണ് ദിവസേന ലഭിക്കുക. ഏകദേശം 500 മുതല്‍ 600 കിലോ വരെ ഭാരവും 1.2 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയരവുമുള്ള കാന്‍ക്രജ് പശുക്കളിലെ ലക്ഷണമൊത്തവയ്ക്ക് മൂന്ന് ലക്ഷത്തിലധികം രൂപ ലഭിക്കും.

കറവക്കാലം കൂടുതലാണ് ഗിര്‍ പശുക്കള്‍ക്ക്. ഗുജറാത്തിലെ ഗിര്‍ ജില്ലയിലാണ് ഈ ഇനം കൂടുതലായി കാണപ്പെടുന്നത്. നീളമുള്ള ചുരുണ്ട ചെവികള്‍, വിസ്തൃതമായ പുറത്തേക്കു തുറിച്ചു നില്‍ക്കുന്ന നെറ്റിത്തടം, അര്‍ധ ചന്ദ്രാകൃതിയിലുള്ള വളഞ്ഞ കൊമ്പുകള്‍, ഉറങ്ങുന്നതുപോലെ തോന്നിക്കുന്ന കണ്ണുകള്‍ എന്നിവയാണ് ഇത്തരം പശുക്കളുടെ സവിശേഷത. നാടന്‍ പശുക്കളില്‍ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നത് വടകര കുള്ളനാണ്. 3 മുതല്‍ 4 ലിറ്റര്‍ വരെ പാല്‍ ചുരത്തുന്ന ഇവയ്ക്ക് 100- 125 സെന്റിമീറ്റര്‍ ഉയരമാണ് ഉള്ളത്. വെച്ചൂര്‍ പശുക്കളുമായി സ്വഭാവത്തിലും സമാനതകളിലും ഏറെ അടുപ്പമുള്ളവരാണ് വടകര പശുക്കള്‍. അന്യംനിന്നു പോകുന്ന നാടന്‍ പശുപരിപാലനത്തെ സംസ്‌കാരത്തെ സംരക്ഷിക്കുക എന്നതാണ് പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കാവുന്ന പശുക്കളുടെ ഇനം, അവയുടെ പരിപാലന രീതി, രോഗ സാധ്യതകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഈ മാസം 29ന് കോണ്‍ക്ലേവ് സമാപിക്കും.