കൊച്ചി: യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇന്‍ഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ നാലാം എഡിഷന്‍ ഈമാസം 15ന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊലീസ്- ആര്‍മി- നേവി സേനാംഗങ്ങള്‍, ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ഐടി പ്രൊഫഷണലുകള്‍, ഫിറ്റ്‌നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ പതിനായിരത്തിലധികം ആളുകള്‍ മാരത്തണില്‍ പങ്കെടുക്കും.

21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ മാരത്തണ്‍, 3 കിലോമീറ്റര്‍ റണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. 12 വയസിന് താഴെയുള്ളവര്‍ക്കായി 3 കിലോമീറ്റര്‍ പ്രത്യേക മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ സംഘടിപ്പിക്കുന്ന മാരത്തണില്‍ രാജ്യത്തെ 650 നഗരങ്ങളില്‍നിന്നും 5 വിദേശരാജ്യങ്ങളില്‍നിന്നുമുള്ള ദീര്‍ഘദൂര ഓട്ടക്കാര്‍ പങ്കെടുക്കും. മത്സരാര്‍ഥികളില്‍ 33 ശതമാനവും സ്ത്രീകളാണെന്നതാണ് പ്രത്യേകത. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും മത്സരരംഗത്തുണ്ട്. പ്രായപരിധിയില്ലാത്ത ആവേശമാണ് മാരത്തണിന് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളും വിവിധ റണ്ണിംഗ് ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും.

മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍ കായികമന്ത്രി വി അബ്ദുറഹ്മാന്‍ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കൊച്ചി മേയര്‍ വി കെ മിനിമോള്‍, മറ്റു രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'നോ ടു ഡ്രഗ്‌സ്, യെസ് ടു ഫിറ്റ്‌നസ്' (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് ഇത്തവണത്തെ പ്രമേയം. ലഹരിയുടെ ഉപയോഗത്തില്‍നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് മാരത്തണിലൂടെ ലക്ഷ്യമിടുന്നതെന്ന് ജി- ടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മാരത്തണിനാണ് കൊച്ചി ആതിഥ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.