- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോര്‍ദാന്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരം: മര്‍കസ് വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മര്‍കസ് കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹാഫിള് സൈനുല്‍ ആബിദ് പങ്കെടുക്കും. ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴില്‍ 1993 ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണ്.
യുവതലമുറക്കിടയില്‍ ഖുര്‍ആന്‍ മനഃപാഠവും പാരായണ ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തില്‍ 25 ലക്ഷം ഇന്ത്യന്‍ രൂപയുടെ അവാര്‍ഡുകളാണ് ജേതാക്കള്‍ക്ക് ലഭിക്കുക.
സഊദി, അമേരിക്ക, ഇറാഖ്, സുഡാന്‍, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി, ടുണീഷ്യ, റഷ്യ, ബോസ്‌നിയ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കളാണ് ഇന്നു(മാര്‍ച്ച് 20) മുതല്‍ 26 വരെയുള്ള മത്സരത്തില്‍ മാറ്റുരക്കുക.
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ സൈനുല്‍ ആബിദ് ദുബൈ, താന്‍സാനിയ, കിര്‍ഗിസ്ഥാന്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ ജേതാവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രശസ്ത ഖുര്‍ആന്‍ പാരായണ-മനഃപാഠ മത്സരങ്ങളില്‍ എല്ലാ വര്‍ഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 27 അന്താരാഷ്ട്ര അവാര്‍ഡുകള്‍ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ജോര്‍ദാനിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുല്‍ ആബിദിനെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ജാമിഅ റെക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിജയാശംസകള്‍ നേര്‍ന്ന് യാത്രയാക്കി.