തൃശ്ശൂര്‍: ഗ്രാമദര്‍ശ് ഇന്റഗ്രേറ്റഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും (GIS) ഇസാഫ് ഫൗണ്ടേഷനും ബോണ്‍ നത്താലെയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാര്‍ഫെസ്റ്റ് 2024 ഡിസംബര്‍ 26 മുതല്‍ 31 വരെ ചരിത്രമുറങ്ങുന്ന തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ടില്‍ നടക്കും. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും രുചി വിഭവങ്ങള്‍ കൊണ്ടുമാണ് ശ്രദ്ധേയമാവുക.

ആസ്വാദനത്തിനു വേണ്ടിയുള്ള ഒരു കാര്‍ണിവല്‍ മാത്രമല്ല ഹാര്‍ഫെസ്റ്റ്, ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കല്‍, കാര്‍ഷികോല്‍പാദന സംഘങ്ങളെ പിന്തുണയ്ക്കല്‍ എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെയും കൂട്ടായ്മയെയും ഉയര്‍ത്തി കാട്ടുന്നത് കൂടിയാണ് ഇത്.

സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പാക്കുക, എല്ലാവര്‍ക്കും ഒത്തു ചേരാന്‍ സാധിക്കുന്ന സുരക്ഷിതവും കുടുംബസൗഹൃദവുമായ ഇടം ഒരുക്കി സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന ഇസാഫിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഹാര്‍ ഫെസ്റ്റ് 2024 എന്ന് സെഡാര്‍ റീട്ടെയ്ല്‍ എം.ഡി അലോക് പോള്‍ തോമസ് പറഞ്ഞു.

ഷോപ്പിങ്ങ് സോണുകള്‍, മ്യൂസിക് ലൈവ് പെര്‍ഫോര്‍മന്‍സ്, ഫുഡ് സ്ട്രീറ്റ്, ഫ്‌ലീ മാര്‍ക്കറ്റ്, ഗെയിം സോണ്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്ട്രീറ്റ് മാജിക് തുടങ്ങിയ പരിപാടികള്‍ കാര്‍ണിവല്ലിന്റെ ഭാഗമായിരിക്കും. വിധു പ്രതാപ്, ആര്യ ദയാല്‍ എന്നീ ഗായകരും തൈക്കുടം ബ്രിഡ്ജ്, തേക്കിന്‍കാട് തുടങ്ങിയ പ്രശസ്ത ബാന്‍ഡുകള്‍ പങ്കെടുക്കുന്ന സംഗീത പരിപാടികളും കാര്‍ണിവല്ലില്‍ അരങ്ങേറും. ഒരു ലക്ഷത്തോളം ആളുകള്‍ കാര്‍ണിവല്ലില്‍ പങ്കെടുക്കാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യവ്യാപകമായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന തരംഗ് ആഘോഷങ്ങളുടെ ഭാഗമായുള്ള മേളയും കാര്‍ണിവല്ലിലുണ്ടായിരിക്കും. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ ഉത്പന്നങ്ങള്‍ ആവും ഈ മേളയില്‍ ഉണ്ടാവുക. മാര്‍ക്കറ്റിംഗ് അവസരങ്ങള്‍ ഒരുക്കി കൊടുത്തുകൊണ്ട് വില്‍പ്പന വര്‍ധിപ്പിക്കാനും കര്‍ഷകരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

തൃശൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ സെഡാര്‍ റീട്ടെയ്ല്‍ എം.ഡി അലോക് പോള്‍ തോമസ്, ബോണ്‍ നത്താലെ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായ ഫാ. സിംസണ്‍ ക്രമേല്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ശ്രീകാന്ത് സി.കെ, ബോണ്‍ നത്താലെ ചീഫ് കോര്‍ഡിനേറ്റര്‍ ജോജു മഞ്ഞില, സെഡാര്‍ റീട്ടെയ്ല്‍ വൈസ് പ്രസിഡന്റ് മിഥുന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.