തിരുവനന്തപുരം: പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലര്‍ജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആന്‍ഡ് ഇമ്യൂണോളജി സയന്‍സസ് (ഐറിസ്) സംഘടിപ്പിച്ച ദ്വിദിന ഹെല്‍ത്ത് സമ്മിറ്റ്- ഐറിസ് അലര്‍ജി കണക്ടില്‍ പങ്കെടുത്ത വിദഗ്ദ്ധരാണ് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയത്.

ആഗോളതലത്തിലെ ആസ്ത്മ രോഗികളുടെ 12 ശതമാനം ഇന്ത്യയിലാണെന്ന് അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റി അലര്‍ജി വിഭാഗം മേധാവിയും ഇന്റര്‍നാഷണല്‍ ആസ്ത്മ സര്‍വീസസ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനുമായ ഡോ. പി.കെ. വേദാന്തന്‍ പറഞ്ഞു. ആസ്ത്മയും അനുബന്ധ രോഗങ്ങളും മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 42 ശതമാനമാണ്. രാജ്യത്തെ രോഗികളായ കുട്ടികളില്‍ 40 ശതമാനം ഗുരുതരമായ ആസ്ത്മ രോഗമുള്ളവരാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന തദ്ദേശീയ ഭക്ഷണശീലങ്ങളില്‍ നിന്ന് വ്യതിചലിച്ച് പാശ്ചാത്യഭക്ഷണശീലങ്ങളിലേക്കു മാറുന്നതും അന്തരീക്ഷ മലിനീകരണംപോലുള്ള പ്രശ്നങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. നിലവില്‍ വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന അലര്‍ജി ചികില്‍സയെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ ആരോഗ്യരംഗം മാറേണ്ടതുണ്ടെന്നും ഡോ. വേദാന്തന്‍ ചൂണ്ടിക്കാട്ടി.

സാധാരണ പ്രസവങ്ങളില്‍ കുട്ടികള്‍ക്ക് അമ്മയില്‍നിന്ന് ലഭിക്കുന്ന മൈക്രോബയോമുകള്‍ സിസേറിയനുകളില്‍ ലഭിക്കാത്തത് ശസ്ത്രക്രിയയിലൂടെ ജനിക്കുന്ന കുട്ടികളില്‍ പ്രതിരോധശേഷി കുറയുന്നതിനും അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഐറിസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. ഷഹനാസ് ബീഗം പറഞ്ഞു. അലര്‍ജി രോഗങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത പാശ്ചാത്യരാജ്യങ്ങളുടെ ഒപ്പം കേരളവുമെത്താന്‍ അധികം താമസമുണ്ടാകില്ലെന്ന് ഐറിസിലെതന്നെ ഡോ. വീണ വി. നായര്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഭക്ഷണശീലങ്ങളില്‍ തുടക്കം മുതലേ ധാന്യങ്ങളും മറ്റും ഉള്‍പ്പെടുത്തുന്ന പഴയശീലം നിലനിറുത്തുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും അലര്‍ജി രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സഹായിക്കുമെന്ന് ഡോ. വീണ പറഞ്ഞു.

ന്യൂഡല്‍ഹി ഗ്രിപ്‌മെറില്‍ നിന്നുള്ള ഡോ. നീരജ് ഗുപ്ത, ഓസ്‌ട്രേലിയ അഡലൈഡ് റോയല്‍ ആശുപത്രിയിലെ ഡോ. പ്രവീണ്‍ ഹിസാരിയ, പുതുശ്ശേരി ജിപ്മറിലെ ഡോ. എം. മാലതി, മണിപ്പാല്‍ ആശുപത്രിയിലെ ഡോ. ആങ്കുര്‍ കുമാര്‍ ജിന്‍ഡാല്‍, സംസ്ഥാന ആരോഗ്യ സര്‍വീസിലെ ഡോ. കൃഷ്ണമോഹന്‍, വെല്ലൂര്‍ എന്‍എംസിയിലെ ഡോ. നര്‍മദ അശോക്, ചെന്നൈ വിഎന്‍എഎആര്‍സിയിലെ ഡോ. കാര്‍ത്തിക് നാഗരാജു, ഐറിസിലെ ഡോ. ഷെഹനാസ് ബീഗം, ഡോ. വീണ വി. നായര്‍, ഡോ. വിഷാദ് വിശ്വനാഥ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.