തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജങ്ക്ഫുഡും മാംസാഹാരവുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ മികച്ച പരിചരണം ഉറപ്പുവരുത്തുവാനും രോഗ പ്രതിരോധം ശക്തിപ്പെടുത്തുവാനും ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറിയ കാലഘട്ടത്തില്‍ സങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുവാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗാസ്ട്രോഇന്റെസ്റ്റൈനല്‍ എന്‍ഡോ സര്‍ജന്‍സിന്റെ മുന്‍ പ്രസിഡന്റ് ഡോ. അഭയ് ദാല്‍വി പറഞ്ഞു.നൂതന ചികിത്സാ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇതിലൂടെ മികവാര്‍ന്ന രോഗീപരിചരണം ഉറപ്പുവരുത്തുവാനും യുവതലമുറയിലെ കാന്‍സര്‍ സര്‍ജന്മാര്‍ കാണിക്കുന്ന താത്പര്യം അഭിനന്ദാര്‍ഹമാണെന്ന് അദ്ദഹം വ്യക്തമാക്കി.

സമാപന ചടങ്ങിനോട് അനുബന്ധിച്ച് സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന ഏകലവ്യ പുരസ്‌കാരവും സമ്മാനിച്ചു.ലാപ റോസ്‌കോപ്പി സര്‍ജറിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് നല്‍കി വരുന്ന അവാര്‍ഡിന് ഡോ. സുജാത സായ് അര്‍ഹയായി. സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാംഗ്ലൂര്‍ കിഡ്വായ് ആശുപത്രിയിലെ ലാപറോസ്‌കോപ്പി വിദഗ്ദ്ധയായ പുരസ്‌കാര ജേതാവ് പൂനെ സ്വദേശിയാണ്. സ്വര്‍ണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്‌കാരം. സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. ബൈജു സേനാധിപന്‍ ഡോ. സുജാതയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. ഡോ. ആദര്‍ശ് ചൗധരി, ഡോ. പവനിന്ദ്ര ലാല്‍, ഡോ. രാജ കലയരശന്‍, ഡോ. അഭയ് ദാല്‍വി, ഡോ. പാര്‍ത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകളിലായി കൊച്ചി അമൃത ആശുപത്രി ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീര്‍ ഒ.വി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന ഉച്ചകോടിയില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നാനുറിലധികം കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധന്മാര്‍ പങ്കെടുത്തു.