- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കാശ്മീരിന്റെ കണ്ണീരൊപ്പാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൈകോര്‍ക്കുവാന്‍ എച്ച്. ആര്‍. ഡി. എസ്. ഇന്ത്യയോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി; പഹല്‍ഗാം ഭീകരാക്രമണ ഇരകള്‍ക്ക് 1500 സ്മാര്‍ട്ട് വീടുകള്‍ സൗജന്യമായി നിര്‍മ്മിക്കും; ധാരണാപത്രം ഒപ്പിട്ടു
ശ്രീനഗര്‍: രാജ്യത്തിന്റെ എക്കാലത്തെയും നൊമ്പരമായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കരുത്തുറ്റ ചെറുത്തുനില്‍പ്പായ ഓപ്പറേഷന്‍ സിന്ധൂറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജമ്മുകാശ്മീരില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ സൗജന്യമായി പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. 1500 വീടുകളാണ് ഇപ്രകാരം സൗജന്യമായി നിര്‍മ്മിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജമ്മുകാശ്മീര്‍ ഗവണ്‍മെന്റ് എച്ച്. ആര്‍. ഡി. എസ്. ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ധൂറിലൂടെ കനത്ത തിരിച്ചടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഭീകരാക്രമണത്തില്‍ മുറിവേറ്റവരുടെ കണ്ണീരൊപ്പുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ബൃഹദ് പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എച്ച്. ആര്‍. ഡി. എസിനോട് സുപ്രധാനമായ ചുമതല ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ജമ്മുകാശ്മീര്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിന് വേണ്ടി ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ ഐ. എ. എസ്., കാശ്മീര്‍ അഡീഷണല്‍ കമ്മീഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗ് ഐ. എ. എസ്., എച്ച്. ആര്‍. ഡി. എസ്. ഇന്ത്യക്ക് വേണ്ടി സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
702 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി ആധുനിക സാങ്കേതിക മികവില്‍ മൂന്ന് ബെഡ്റൂം സ്മാര്‍ട് വീടുകളാണ് നിര്‍മ്മിക്കുന്നത്.സൗജന്യ ഇന്റര്‍നെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം, ശുചിത്വ പരിശീലനം എന്നിവയും എച്ച്. ആര്‍. ഡി. എസ്. ഇന്ത്യ ഉറപ്പാക്കും. ബി. എസ്. എന്‍. എല്ലിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വീടുകള്‍ സൗജന്യമായി പെയിന്റ് ചെയ്യും. സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ മാസവും ഗുണഭോക്തൃ വീടുകള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും.
വീടുകള്‍ക്ക് 30 വര്‍ഷത്തെ ഗ്യാരന്റി നല്‍കും.ഗുണഭോക്താക്കളെ ഡിവിഷണല്‍ കമ്മീഷണര്‍മാരും എച്ച്.ആര്‍.ഡി.എസും ചേര്‍ന്ന് തിരഞ്ഞെടുക്കും. പഹല്‍ഗാമിന് മുമ്പ് 1947മുതല്‍ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘടനങ്ങളും മൂലം വീടുകള്‍ നശിച്ചുപോയവരെയും ജമ്മു കാശ്മീരിലെ സമീപകാല പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
യുദ്ധത്തില്‍ നഷ്ടപ്പെടുന്ന വീടുകള്‍ സാധാരണ പകരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാറില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ
ഫലമാണ് ഈ മാതൃകാപദ്ധതിയെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. മനുഷ്യത്വത്തിന്റെ പുതിയ വാതിലുകളാണ് ഇതിലൂടെ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മാസത്തിനുള്ളില്‍ വീട് നിര്‍മ്മാണം ആരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുന്‍കൈ എടുത്താണ് ഈ സമഗ്രപദ്ധതിയുടെ നിര്‍മ്മാണ ചുമതല എച്ച്.ആര്‍.ഡി.എസ്. ഇന്ത്യയെ ഏല്‍പ്പിച്ചത്.
രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ്. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലായി സൗജന്യ ഭവന നിര്‍മ്മാണ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ അനുഭവസമ്പത്തിന്റെ കരുത്തിലാണ് രാജ്യത്തെ വലിയൊരു യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ദൗത്യം എച്ച്.ആര്‍.ഡി.എസ് ഏറ്റെടുത്തിരിക്കുന്നതെന്ന് എച്ച്. ആര്‍. ഡി. എസ്. ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധ്യക്ഷനായിരുന്നു. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മന്‍ദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ ഐ. എ. എസ്., കാശ്മീര്‍ അഡീഷണല്‍ കമ്മീഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗ് ഐ. എ. എസ്., എച്ച്. ആര്‍. ഡി. എസ്. ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍, എച്ച്.ആര്‍.ഡി.എസ് ഇന്ത്യ അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സി എസ് ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍ സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.