- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയതാളങ്ങള്‍ ഒത്തുചേര്‍ന്നു; അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍- ലിസി 'ഹൃദയസംഗമം
കൊച്ചി: ആശങ്കയുടെ നാളുകള്‍ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങള്‍ ഒരേ വേദിയില്‍ സംഗമിച്ചു. തങ്ങളെ ജീവിതത്തിലേക്ക് തിരികെനടത്തിയ ഡോക്ടര്‍മാരെയും താങ്ങായി നിന്ന കുടുംബാംഗങ്ങളെയും സാക്ഷിയാക്കി അവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍,ലിസി ഹോസ്പിറ്റലും ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ 'ഹൃദയ സംഗമം' സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും അവിസ്മരണീയ ഒത്തുചേരലായി.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ വി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ രംഗത്തുണ്ടായ വളര്‍ച്ച ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 60 വയസ്സ് കഴിഞ്ഞാല്‍ വാര്‍ധക്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 80 വയസ്സ് കഴിഞ്ഞവരും ചെറുപ്പക്കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കുന്നത്. ഇത് മെഡിക്കല്‍ രംഗത്തെ വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായി, ഹൃദ്രോഗ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന് വി.ജെ. കുര്യന്‍ സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-വാസ്‌കുലര്‍ ഡിസീസസ് വിഭാഗത്തിന്റെ ചെയര്‍മാനും മേധാവിയുമാണ് ഡോ. അജിത് ശങ്കര്‍ദാസ്.
ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, മെഡിക്കല്‍ പാനല്‍ ചെയര്‍മാന്‍ ഡോ. റോണി മാത്യു കടവില്‍ എന്നിവര്‍ സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകളും വിദഗ്ദ്ധരുമായുള്ള സംവാദവും നടന്നു. ഹൃദയാരോഗ്യം സംബന്ധിച്ച ആശങ്കകള്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കി.