തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ 'ഇക്‌സെറ്റ് 2026' (ICSET) ഒന്‍പതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ മൂന്ന് വേദികളിലായി നടക്കും. 'സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനര്‍വിഭാവനം' എന്നതാണ് ഈ കോണ്‍ക്ലേവിന്റെ പ്രധാന പ്രമേയം.

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരള ഐ.ടി. വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇന്‍ഫോപാര്‍ക്ക് സി.ഈ.ഒ. സുശാന്ത് കുറുന്തില്‍, ടി.സി.എസ്. (TCS) വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഗൂഗിള്‍ (Google), എ.ഡബ്ല്യു.എസ്. (AWS), ഐ.ബി.എം. (IBM) എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ജനറേറ്റീവ് AI, ഏജന്റിക് AI തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ വര്‍ക്ക്‌ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.

അക്കാദമിക്-വ്യവസായ-സര്‍ക്കാര്‍ സഹകരണം, 2030-ലെ തൊഴില്‍ മേഖല, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ആസ്പദമാക്കി ഫയര്‍സൈഡ് ചാറ്റുകളും പാനല്‍ ചര്‍ച്ചകളും നടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി ജനുവരി 12, 13 തീയതികളിലായി ഗൂഗിളുമായി സഹകരിച്ച് ഐ.സി.ടി. അക്കാദമി കൊരട്ടിയില്‍ 24 മണിക്കൂര്‍ നീളുന്ന ഹാക്കത്തോണ്‍ സംഘടിപ്പിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, ഐ.ടി. മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ നോളജ് ഓഫീസര്‍മാര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യാനുമായി https://ictkerala.org/icset എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.