ജോയ് തുമ്പമണ്‍

കുമ്പനാട്: ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമങ്ങളില്‍ ഒന്നായ കുമ്പനാട് ഐ.പി.സി കണ്‍വന്‍ഷന്‍ 2025 ജനുവരി 12 മുതല്‍ 19 വരെ കുമ്പനാട് ഹെബ്രോണ്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുവാന്‍ സഭാനേതൃത്വം വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ജനറല്‍ പ്രസിഡണ്ടായ റവ.ഡോ. വല്‍സന്‍ ഏബ്രഹാം, വൈസ് പ്രസിഡണ്ട് ഡോ. ഫിലിപ്പ് പി. തോമസ്, സെക്രട്ടറി ഡോ. ബേബി വറുഗീസ്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റര്‍ തോമസ് ജോര്‍ജ്, ഡോ. വര്‍ക്കി ഏബ്രഹാം, ട്രഷറര്‍ ഡോ. ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള പല പ്രമുഖ പാസ്റ്റര്‍മാര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. സുപ്രസിദ്ധ ഗായകര്‍ ഉള്‍പ്പെടെ സഭയുടെ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

2025 ജനുവരി 12-ന് വൈകിട്ട് 5.30-ന് ആരംഭിക്കുന്ന ഈ മഹാസമ്മേളനം ജനറല്‍ പ്രസിഡണ്ട് ഡോ. വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ ബൈബിള്‍ ക്ലാസുകള്‍, പ്രഭാത സെഷന്‍, ഉച്ചകഴിഞ്ഞുള്ള സെഷന്‍, മ്യൂസിക് ഫെസ്റ്റ്, മിഷന്‍ ചലഞ്ച്, വിമന്‍സ് ഫെലോഷിപ് മീറ്റിങ്ങുകള്‍, യുവജനങ്ങള്‍ക്കു വേണ്ടിയുള്ള മീറ്റിങ്ങുകള്‍ എന്നിവ നടക്കും.

രാത്രി മീറ്റിംഗുകള്‍ പൊതുമീറ്റിംഗുകള്‍ ആയിരിക്കും. 19-ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ സഭായോഗം, കര്‍ത്തൃമേശയോടെ ആരംഭിക്കും. ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ ജനറല്‍ കണ്‍വന്‍ഷന്‍ ലക്ഷങ്ങളില്‍ എത്തിക്കാന്‍ ഹാര്‍വെസ്റ്റ് ടിവി തത്സമയ സംപ്രേഷണങ്ങള്‍ നടത്തും. അവിസ്മരണീയമായ ഈ സമ്മേളനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.